ഹരിപ്പാട് : അപ്പർകുട്ടനാടിന്റെ വികസനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അപ്പർകുട്ടനാട് ഡെവലെപ്‌മെന്റ് അതോറിട്ടി രൂപീകരിക്കണമെന്ന് നിയമസഭയിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുട്ടനാട്, ഓണാട്ടുകര മേഖലകളുടെ വികസനത്തിനായി പ്രത്യേക ഏജൻസികൾ നിലവിലുണ്ടെങ്കിലും അപ്പർ കുട്ടനാട് മേഖലയുടെ വികസനത്തിന്റെ കാര്യത്തിൽ പ്രത്യേക ഏജൻസി ഇല്ലാത്തത് സമഗ്രവികസനത്തിന് വലിയ തടസമുണ്ടാക്കുന്നതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. അപ്പർ കുട്ടനാട് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളേയും സ്‌കീമുകളേയും ഏകോപിപ്പിച്ച് കുടുതൽ ഊർജ്ജസ്വലതയോടെ നിർവ്വഹിക്കുന്നതിന് പുതിയ അതോറിട്ടിരൂപീകരിക്കുന്നതിലുടെ കഴിയുമെന്ന് സബ്മിഷനിലൂടെ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കുട്ടനാടിനെ പ്രത്യേക പാരിസ്ഥിതിക മേഖലയായി കണക്കാക്കി വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഇതിലൂടെ അപ്പർ കുട്ടനാട് കൂടി ഉൾപ്പെടുന്ന മേഖലയുടെ സമഗ്രവികസനം ഉറപ്പാക്കാൻ കഴിയുമെന്നും കൃഷിമന്ത്രി മറുപടി നൽകി.