ph

കായംകുളം: ബംഗളൂരുവിൽ വെച്ച് കുറത്തികാട് എസ്.ഐയ്ക്കും സംഘത്തിനും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയെ കോഴിക്കോട്ടു സിനിമ സ്റ്റൈലിൽ കാർ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് കീക്കാൻ വില്ലേജിൽ ബേക്കൽ ഫോർട്ട്‌ തെക്കുപ്പുറം വീട്ടിൽ ബി.എം. ജാഫറിനെയാണ് (29) കുറത്തികാട് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 8ന് കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭരണിക്കാവിൽ 50,000 രൂപയോളം വരുന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി ഭരണിക്കാവ് വടക്ക്കുഴിക്കാലത്തറയിൽ വീട്ടിൽ വിവേകിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് മയക്ക് മരുന്ന് നൽകിയത് ജാഫറായിരുന്നു. കഴിഞ്ഞ 24 ന് കുറത്തികാട് എസ്.ഐ സുനുമോനും സംഘവും ബംഗളൂരു സിറ്റിയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസിന് നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോഴിക്കോട്ട് എത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂത്താളിയിൽ നാല് കിലോമീറ്ററോളം കാറിൽ പിന്തുടർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിറുത്തിയാണ് അറസ്റ്റ് ചെയ്തത്.

കേരളത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജാഫർ എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ സുനുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ നൗഷാദ്, സതീഷ് കുമാർ, ഡാൻസാഫ് അംഗമായ ഷാഫി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.