മാവേലിക്കര: നഗരസഭ പാർക്കിൽ ‌ടി.കെ. മാധവന്റെ പ്രതിമ സ്ഥാപിക്കാനുള്ള കൗൺസിൽ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ഡിസംബറിൽ ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗം പ്രതിമ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. എന്നാൽ, ഇതുവരെ നഗരസഭയുടെ ഭാഗത്തു നിന്ന് ഒരു നീക്കവുമുണ്ടായില്ല. ടി.കെ. മാധവൻ സ്‌മാരക എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നിരന്തരമായ ആവശ്യത്തിനൊടുവിലായിരുന്നു പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം. തുടർ നടപടികൾക്കായി സ്റ്റിയറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.

എസ്.എൻ.ഡി.പി യോഗം യൂണിയന്റെ നിവേദനം ആദ്യം ചർച്ചയ്‌ക്ക് എടുത്തപ്പോൾ പ്രതിമ സ്ഥാപിക്കുന്നതിൽ വിശദമായ പരിശോധന നടത്തണമെന്ന ബി.ജെ.പി കൗൺസിലർ എസ്. രാജേഷിന്റെ പരാമർശം വിവാദമായിരുന്നു. അന്ന് മാറ്റിവച്ച അജണ്ട പിന്നീട് ഏകകണ്റേന പാസാക്കുകയായിരുന്നു. പ്രതിമ സ്ഥാപിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് പിന്നീട് ബി.ജെ.പിയും വ്യക്തമാക്കി. മറ്റ് രാഷ്‌ട്രീയ പാർട്ടികളും പിന്തുണച്ചു. എന്നാൽ, നഗരസഭയുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമില്ലാത്തതിനാൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യോഗം മാവേലിക്കര യൂണിയൻ.

മാവേലിക്കരയുടെ മണ്ണിൽ ജനിച്ച് അയിത്തോച്ചാടന പ്രക്ഷോഭത്തിലൂടെയും വൈക്കം സത്യാഗ്രഹ സമരത്തിലൂടെയും ലോക ശ്രദ്ധനേടിയ ടി.കെ. മാധവന് ഉചിതമായ സ്‌മാരകം എന്ന നിലയിൽ പാർക്കിനെ മാറ്റണമെന്ന് യൂണിയൻ നേതൃത്വം ആവശ്യപ്പെട്ടു.