 
ഹരിപ്പാട് : മഴ മാറി നിന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ അപ്പർ കുട്ടനാട്ടിൽ ദുരിതം ഒഴിയുന്നില്ല. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് വൻതോതിൽ ഉയർന്നതോടെയാണ് വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. വീയപുരം, ചെറുതന തുടങ്ങിയ ഭാഗങ്ങളിലും പമ്പയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിലുമാണ് ദുരിതം കൂടുതൽ.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കന്നുകാലി തൊഴുത്തുകളിലുൾപ്പടെ വെള്ളം കയറി. പുഞ്ചകൃഷിക്കായി വെള്ളം കയറുന്നത് തടയുന്നതിനായി മട അടച്ചെങ്കിലും രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയിൽ പാടശേഖരങ്ങൾ വെള്ളത്തിലായി. മട അടയ്ക്കാത്ത പാടശേഖരങ്ങളാകട്ടെ പൂർണമായും മുങ്ങിയ അവസ്ഥയിലാണ്. ഓണ വിപണി ഉണരേണ്ട സമയയത്തുണ്ടായ കനത്ത മഴ വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വെള്ളപ്പൊക്കത്തെ അതിജീവിച്ച വാഴ, പച്ചക്കറി കൃഷികളും നാശാസ്ഥയിലാണിപ്പോൾ.
വീടുകൾക്ക് ബലക്ഷയം
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ നദീതീരങ്ങളിൽ കഴിയുന്നവർ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു. കരകവിഞ്ഞെത്തുന്ന വെള്ളം നദീതീരത്തെ വീടുകളുടെ ഭിത്തിയിലേക്ക് പതിക്കുന്നത് ഭാവിയിൽ വീടുകളുടെ ബലക്ഷയത്തിന് കാരണമാകുമെന്ന് താമസക്കാർ പറയുന്നു. വെള്ളപ്പൊക്കം ശക്തമാകുമെങ്കിൽ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ പോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
വീടുകൾ വെള്ളത്തിൽ
 ഒരു വെള്ളപ്പൊക്കത്തിന്റെ ദുരിതം തീരുംമുമ്പേ അടുത്ത വെള്ളമെത്തി
 ഇന്നലെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ജലനിരപ്പ് താഴ്ന്നില്ല
 വീടുകളുടെ മുറ്റങ്ങളിലുൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്നു
 വാഴ, പച്ചക്കറി കൃഷികൾ വെള്ളത്തിലായി