ubc
പുന്നമടയിൽ നാളെ വേഗപ്പോരാട്ടം

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : 68ാമത് നെഹ്റുട്രോഫി ജലോത്സവം നാളെ പുന്നമട കായലിൽ അരങ്ങേറും. ഓളപ്പരപ്പിലെ വേഗരാജാക്കൻമാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ 20ചുണ്ടനുകളടക്കം 77 കളിവള്ളങ്ങളാണ് പങ്കെടുക്കുന്നത്.

ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരും ജില്ലയിലെ എം.പിമാരും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

35ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ഇതിൽ പത്തുലക്ഷം രൂപയുടെ ടിക്കറ്റ് വില്പന ഓൺലൈനിലൂടെയായിരുന്നു. ഓൺലൈൻ ടിക്കറ്റ് എടുത്തിട്ടുള്ളവർ ഡി.ടി.പി.സി ഓഫീസിലെ പ്രത്യേക കൗണ്ടറിൽ നിന്ന് സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റ് കൈപ്പറ്റണം. 2019ൽ മൂന്ന് ലക്ഷം രൂപയുടെ ടിക്കറ്റ് മാത്രമാണ് ഓൺലൈനായി വിറ്റത്.

ഉന്നത നിലവാരമുള്ള സ്റ്റാർട്ടിംഗ് ,ഫിനിഷിംഗ് സംവിധാനങ്ങളാണ് വള്ളംകളിക്കായി സജ്ജമാക്കിയിട്ടുള്ളത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മത്സരത്തിന്റെ ഇടവേളയിൽ വ്യോമസേനയുടെ അഭ്യാസപ്രകടനം ഉണ്ടാകും. കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 3ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് നഗരചത്വരത്തിൽ സമാപിക്കും. 5ന് സാംസ്‌കാരിക സമ്മേളനം നടക്കും. നഗരത്തിൽ നാളെ സുരക്ഷ ശക്തമാക്കും. ഗതാഗത നിയന്ത്രണവുമുണ്ടാകും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹീറ്റ്സ് രാവിലെ, ഫൈനൽ ഉച്ചയ്ക്ക്

ഹീറ്റ്‌സ് മത്സരങ്ങൾ രാവിലെ 11നും ഫൈനൽ മത്സരങ്ങൾ ഉച്ചയ്ക്ക് 2 നുമാണ് നടക്കുക. നാലു വള്ളങ്ങൾ വീതം അഞ്ചു ഹീറ്റ്‌സുകളായിട്ടാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം. ഹീറ്റ്‌സുകളിൽ കുഞ്ഞ സമയത്ത് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്രു ട്രോഫിക്കുവേണ്ടിയുള്ള ഫൈനലിൽ മത്സരിക്കുക. മികച്ച സമയം കുറിക്കുന്ന ഒൻപത് ചുണ്ടൻ വള്ളങ്ങൾ അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടും. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ നിശ്ചയിക്കുക.

35 : ഇത്തവണ വിറ്റഴിച്ചത് 35 ലക്ഷം രൂപയുടെ ടിക്കറ്റുകൾ

ആകെ വള്ളങ്ങൾ 77

ചുണ്ടൻ...................................20

ചുരുളൻ.................................3.

ഇരുട്ടുകുത്തി എ ഗ്രേഡ് .....5

ഇരുട്ടുകുത്തി ബി ഗ്രേഡ്.....16

ഇരുട്ടുകുത്തി സി ഗ്രേഡ്.....13

വെപ്പ് എ ഗ്രേഡ്................... 9

വെപ്പ് ബി ഗ്രേഡ്................. 9

തെക്കനോടി(തറ)................3

തെക്കനോടി(കെട്ട്)...............3