
ആലപ്പുഴ : 68ാമത് നെഹ്റുട്രോഫി ജലോത്സവം നാളെ പുന്നമട കായലിൽ അരങ്ങേറും. 20ചുണ്ടനുകളടക്കം 77 കളിവള്ളങ്ങൾ പങ്കെടുക്കും. ഉച്ചക്ക് 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരും ജില്ലയിലെ എം.പിമാരും എം.എൽ.എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്‌ണതേജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
35 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ഇതിൽ പത്തുലക്ഷം രൂപയുടെ ടിക്കറ്റ് വില്പന ഓൺലൈനിലായിരുന്നു. ഓൺലൈൻ ടിക്കറ്റ് എടുത്തിട്ടുള്ളവർ ഡി.ടി.പി.സി ഓഫീസിലെ പ്രത്യേക കൗണ്ടറിൽ നിന്ന് സിഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റ് കൈപ്പറ്റണം.