ആലപ്പുഴ: ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ റെക്കാഡിലേക്ക് ഓടിക്കയറാൻ തയ്യാറായി ആലപ്പുഴ. ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന കൂട്ടയോട്ടത്തിൽ 2500റിലധികം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് നടക്കുന്ന സ്പോട്ട് രജിസ്ട്രേഷന് ശേഷമേ കൃത്യമായ കണക്ക് വ്യക്തമാകൂ. വ്യക്തിഗത ഓട്ടക്കാർക്ക് പുറമേ കുടുംബമായി പങ്കെടുക്കാവുന്ന ഫാമിലി ഫൺ റണ്ണും ഒപ്പം നടക്കും. അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ എൻ.ടി.ബി.ആർ സൊസൈറ്റി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെഹ്റുട്രോഫി ജലമേളയുടെ പ്രചരണാർത്ഥമാണ് ആഴ്ചകൾക്ക് മുമ്പ് ബീച്ച് റൺ പ്രഖ്യാപിച്ചത്. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ 1500ഓളം പേർ പ്രൊഫഷണൽ കായിക താരങ്ങളാണ്. വിജയപാർക്കിന് സമീപം മുതൽ വാടയ്ക്കൽ വരെയാണ് ബീച്ച് റൺ മത്സരം. ബീച്ച് റണ്ണിന് മുന്നോടിയായി നിരവധി കായിക ഇനങ്ങളുടെ ചാമ്പ്യൻഷിപ്പുകൾ സംഘാടകർ നടത്തിയിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച്, സംസ്ഥാനതല മത്സരത്തിന്റെ പ്രതീതിയിലാണ് കായിക ഇനങ്ങൾ അരങ്ങേറിയത്.
.........
മത്സരം
അഞ്ച്, പത്ത് കിലോമീറ്ററുകളിലായാണ് മത്സരം
കുടുംബങ്ങൾക്കായി മൂന്നു കിലോമീറ്ററിൽ ഫൺ റൺ നടത്തും
......
# സമ്മാനങ്ങളുമുണ്ട്
ഓട്ടത്തിൽ പങ്കെടുക്കുന്നവർക്കു മത്സരത്തിന് മുന്നോടിയായി ടീ ഷർട്ട് ഉൾപ്പടെയടങ്ങുന്ന കിറ്റ് നൽകും. മത്സരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫിനിഷേഴ്സ് മെഡലും. വിജയകൾക്ക് കാഷ് അവാർഡുകളുമുണ്ട്. പങ്കെടുക്കുന്നവരിൽ 101 പേർക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.
.......
''നെഹ്റുട്രോഫി ജലമേളയുടെ പ്രചരണത്തിന് വേണ്ടിയാണ് ബീച്ച് റണ്ണിനെ കുറിച്ച് ആലോചിച്ചത്. താരങ്ങളുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ എന്ന റെക്കാഡാണ് ലക്ഷ്യമിടുന്നത്
വി.ജി.വിഷ്ണു, പ്രസിഡന്റ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ