ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയോടനുബന്ധിച്ച് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ തൃശൂർ വിയൂർ ദേശം ടീമിന്റെ പുലികളി മുഖ്യ ആകർഷണമാകും. വർഷങ്ങളായി നാലാം ഓണത്തിന് തൃശൂർ തേക്കിൻകാട് മൈതാനത്ത് അരങ്ങേറുന്ന പുലികളികളിലും അത്തച്ചമയ മടക്കമുള്ള ഘോഷയാത്രകളിലും നിറസാന്നിദ്ധ്യമായിട്ടുള്ള നിരവധി ചലച്ചിത്രങ്ങളിൽ പുലിവേഷം കെട്ടിയിട്ടുള്ള ടീമാണ് തൃശൂർ വിയൂർദേശം. നഗരസഭയുടേയും എൻ.ടി.ബി.ആർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര പകൽ 3ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ ജില്ലാ കളക്ടർ കൃഷ്ണതേജ ഫ്ലാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികൾ, നഗരത്തിലെ പൗരപ്രമുഖർ, കലാ-സാംസ്‌കാരിക നായകർ തുടങ്ങിയവർ അണിനിരക്കുന്ന ജാഥയിൽ സ്‌കൂൾ, കോളേജ്, വിദ്യാർത്ഥികൾ, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്സ് പൊലീസ്, ബാൻഡ് ടീമുകൾ, ഹരിതകർമ്മ സേന, കുടുംബശ്രീ, പൊതുജനങ്ങൾ അടക്കം 5000ത്തോളം പേർ അണിനിരക്കും. ജാഥ നഗരചത്വരത്തിൽ സമാപിക്കും. സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പി.കെ.മേദിനി, പി.പി ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, അലിയാർ എം മാക്കിയിൽ, പുന്നപ്ര ജ്യോതികുമാർ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷർ തുടങ്ങി സാംസ്‌കാരിക, രാഷ്ട്രീയ കലാ രംഗത്തുള്ളവർ പങ്കെടുക്കും.