
മാവേലിക്കര:കാരിരുമ്പിന്റെ കരുത്തുള്ള നവോഥാന നായകനായിരുന്നു ടി.കെ.മാധവനെന്നും കേവലം 45 വയസിനുള്ളിൽ അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കാര്യങ്ങൾ അത്ഭുതത്തോടെ മാത്രമെ നോക്കി കാണാനാകൂവെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. ദേശാഭിമാനി ടി.കെ.മാധവന്റെ 137ാമത് ജന്മദിനാഘോഷവും ശ്രീ ധർമ്മാനന്ദജി ഗുരുദേവന്റെ ജയന്തി മഹാമഹവും എസ്.എൻ.ഡി.പിയോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനമാകുന്ന കലപ്പയാൽ വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ഉഴുതുമറിച്ച നാടിനെ നൂറ് വർഷം പിന്നോട്ടടിക്കുന്ന നിലപാടുകളാണ് ഇന്ന് പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യാതിഥിയായി. വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സജീവ് പ്രായിക്കര, അനിവർഗീസ്, ശാന്തി അജയൻ, ബിജി അനിൽകുമാർ, മേഘനാഥ്, അമ്പിളി.എൽ, സുനി ബിജു, നവീൻ വി.നാഥ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞലിപ്ര സ്വാഗതവും രാജൻ ഡ്രീംസ് നന്ദിയും പറഞ്ഞു. മന്ത്രി പി.പ്രസാദ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 86ാം ജന്മദിന കേക്ക് മുറിക്കുകയും വിനുധർമ്മരാജൻ രചിച്ച ഓണപ്പാട്ടുകളുടെ ഓഡിയോ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. മാജിക്കൽ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടംനേടിയ എസ്.ശരത്, മകൾ ദക്ഷ വി.ശരത് എന്നിവരെ ആദരിച്ചു.