pola-kayal

പൂച്ചാക്കൽ: പോള തിങ്ങിയ അരൂക്കുറ്റി കുടപുറം കായലിൽ അകപ്പെട്ടു പോയ മത്സ്യ തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഇന്നലെ രാവിലെ അഞ്ചിന് മത്സ്യബന്ധനത്തിന് പോയ അരൂക്കുറ്റി എട്ടാം വാർഡ് സ്വദേശികളായ പുതുവൽ നികർത്ത് പുഷ്പരാജ്, തെക്കേ കുമ്പഴ നികർത്ത് അനന്തൻ എന്നിവരെയാണ് ഉച്ചക്ക് 12 മണിയോടെ കരക്കെത്തിച്ചത്. തിങ്കളാഴ്ച രാത്രി അപ്രതീക്ഷമായി ഒഴുകി വന്ന പോള, കായലിൽ നിറയുകയായിരുന്നു. നൂറുകണക്കിന് ഊന്നിവലകൾ പോളയിൽ കുടുങ്ങി നശിച്ചു. കുടപുറം - എരമല്ലൂർ ഫെറി സർവീസ് നടത്തിക്കൊണ്ടിരുന്ന ജങ്കാർ ജെട്ടിയിൽ അടുപ്പിക്കാനാകാതെ പോളയിൽ കുടുങ്ങി. ഇന്നലെ സർവീസ് നടത്തിയില്ല. ഇതോടെ എരമല്ലൂരിലേക്കുള്ള നൂറുകണക്കിന് സ്ഥിരം യാത്രക്കാർ മുപ്പത് കിലോമീറ്റർ അധികം ചുറ്റി അരൂക്കുറ്റി വഴി പോകേണ്ടി വന്നു. ഊന്നിവലകൾ നഷ്ടപ്പെട്ടതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു.