ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ ഇന്നലെ നടന്ന ഘോഷയാത്ര വ്യത്യസ്ത കാഴ്ചകളുടെ നിറവർണം പകർന്നു.
മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വൈകിട്ട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ അണിനിരന്നു. സാംസ്കാരിക പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, എൻ.സി.സി, എസ്.പി.സി ഉൾപ്പെടെ ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ആലപ്പുഴ നഗരസഭയുടെയും എൻ.ടി.ബി.ആർ സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്.
ജനറൽ ആശുപത്രി ജംഗ്ഷൻ, ഇരുമ്പുപാലം, സീറോ ജംഗ്ഷൻ, മുല്ലയ്ക്കൽ, ജില്ലാക്കോടതി വഴി നഗരചത്വരത്തിലാണ് ഘോഷയാത്ര സമാപിച്ചത്. കൊവിഡിനെ തുടർന്ന് മൂന്ന് വർഷമായി മുടങ്ങിക്കിടന്ന സാംസ്കാരിക ഘോഷയാത്ര ഇക്കുറി വൻ ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായി. മുത്തുക്കുടകളും ചെണ്ടമേളവും, വനിതകളുടെ പഞ്ചാരിമേളം, നിശ്ചല ദൃശ്യങ്ങൾ, കഥകളി, വേഷച്ചമയം, തെയ്യം, പുലികളി, ബാൻഡ് സെറ്റ്, ഗരുഡൻ, മയിലാട്ടം, അമ്മൻകുടം എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. മാപ്പിളപ്പാട്ട്, വഞ്ചിപ്പാട്ട്, കോലടി, തിരുവാതിര, ആയോധന അഭ്യാസങ്ങൾ എന്നിവയും ആകർഷകമായി. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്കരണ സന്ദേശം പകരുന്ന പ്ളക്കാർഡുകളും ഗാന്ധി തൊപ്പിയും തൂവെള്ള ഖദർ പാന്റും ജുബയും ധരിച്ച് ദേശീയ പതാക കയ്യിലേന്തിയ കരുന്നുകൾ കാണികൾക്ക് നിറക്കാഴ്ചയായി.
കയ്യിൽ പ്ളക്കാർഡുമായുള്ള മാവേലിയുടെ നിശ്ചല ദൃശ്യം ആലപ്പുഴ നഗരസഭയുടെ, അഴകോടെ ആലപ്പുഴ മാലിന്യ മുക്ത നഗരം എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു. ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഫ്ളാഗ് ഒഫ് ചെയ്തു. എ.എം. ആരിഫ് എം.പി, കൗൺസിലർ എൽജിൻ റിച്ചാർഡ്, കബീർ, കെ.നാസർ തുടങ്ങിയവർ നേതൃത്വം നൽകി. നഗരചത്വരത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഗാന രചയിതാവ് വയലാർ ശരചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. പി.കെ. മേദിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.
# വിജയികൾ
സാംസ്കാരിക ഘോഷയാത്രയിൽ മികച്ച ഫ്ളോട്ടുകൾ അവതരിപ്പിച്ചതിനുള്ള ഓവർറോൾ കിരീടം കളർകോട് ഗവ. യു.പി സ്കൂളിനാണ്. ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ളീഷ് മീഡിയം സ്കൂൾ രണ്ടും ആര്യാട് ഗവ. വി.എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങൾ നേടി. ബാൻഡ് സെറ്റ്: മാത സ്കൂൾ, ലിയോതേർട്ടീന്ത് കാളത്ത്, ലജനത്ത് (ഒന്നാം സ്ഥാനം), ഗവ. യു.പി.എസ്, കളർകോട്, സെന്റ് മൈക്കിൾ എച്ച്.എസ്.എസ് തത്തംപള്ളി (രണ്ടാംസ്ഥാനം), ടെമ്പിൾ ഒഫ് ഇംഗ്ളീഷ് മീഡിയം, മോർണിംഗ് സ്റ്റാർ (മൂന്നാം സ്ഥാനം). സ്കൗട്ട്: മാതാ സ്കൂൾ (ഒന്ന്), സെന്റ് ആന്റണീസ് (രണ്ട്). എസ്.പി.സി: കാർമ്മൽ സ്കൂൾ (ഒന്ന്), ലജനത്ത് സ്കൂൾ (രണ്ട്), എൻ.സി.സി: ലിയോതേർട്ടീന്തിന് ഒന്നാം സ്ഥാനം.