
ചേർത്തല: സ്റ്റിയറിംഗ് തിരിക്കുന്ന കൈകളിൽ ബ്രഷുമായി സ്വപ്നങ്ങൾക്ക് നിറം പകരുകയാണ് ചേർത്തല നഗരസഭ ഓഫീസിലെ ഡ്രൈവർ അജീഷ്.
അരൂർ പഞ്ചായത്ത് 14-ാം വാർഡ് ഇത്തിത്തറ നികർത്തിൽ ഹരിഹരന്റെ മകൻ ഇ.എച്ച്. അജീഷിന് (35) വര തലവരയായി കിട്ടിയതാണ് എന്നു പറഞ്ഞാലും അദ്ഭുതമില്ല. പെൻസിലും ജലച്ചായവും ഉപയോഗിച്ച് കിടിലൻ ചിത്രങ്ങളാണ് അജീഷ് വരയ്ക്കുന്നത്. ചേർത്തല നഗരസഭയുടെ ഓണാഘോഷത്തോടനുബന്ധിച്ച് മുനിസിപ്പൽ ലൈബ്രറിയിൽ അജീഷ് ഒരുക്കിയ ചിത്രപ്രദർശനം കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത് നൂറുകണക്കിനാളുകൾ. ആടിവേടൻ തെയ്യവും പ്രകൃതിയും വിദേശ ഗോത്ര വർഗക്കാരുടെയും ഭഗവാൻമാരുടേയും ചിത്രങ്ങളും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി.
ചെറുപ്പം മുതലേ യാതൊരു പരിശീലനവുമില്ലാതെയാണ് ചിത്രകലയിലേക്ക് തിരിഞ്ഞത്. നിരന്തരമായ പരിശ്രമങ്ങളിലൂടെ പെൻസിലും ജലച്ചായവുമെല്ലാം അജീഷ് വരുതിയിലാക്കി. എട്ട് വർഷം മുമ്പ് സർക്കാർ ജോലി ലഭിച്ചെങ്കിലും ചിത്രകലയോടുളള ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. സർക്കാർ ജോലി ലഭിക്കുന്നതിന് മുമ്പുള്ള വാഹനാപകടത്തിൽ വലതു കൈയിലെ ചൂണ്ടുവിരൽ ഞരമ്പ് മുറിഞ്ഞു പോയിരുന്നു. വരയ്ക്കാനോ വാഹനമോടിക്കാനോ എഴുതാൻ പോലുമോ വിരലുകൾക്ക് ചലനശേഷി ലഭിക്കുന്ന കാര്യത്തിൽ സംശയമാണെന്നാണ് അന്ന് ഡോക്ടർമാർ വിധിയെഴുതിയത്. പക്ഷേ, ഫിസിയോ തെറാപ്പിയും കഠിനമായ പരിശ്രമവും മൂലം രണ്ട് മാസത്തിനുള്ളിൽ തന്നെ അജീഷിന് പെൻസിൽ ചലിപ്പിക്കാൻ കഴിഞ്ഞു.
ആദ്യം വരച്ച് പൂർത്തിയാക്കിയത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൃഷ്ണ ഭാഗവാനെ ആയിരുന്നു. തന്റെ സ്വപ്നങ്ങളിൽ വിരിയുന്ന ചിത്രങ്ങളെല്ലാം ഇനിയും ഏഴുവർണങ്ങളിൽ ചാലിച്ച് ജീവൻ പകരണമെന്നാണ് ആഗ്രഹം. പിന്തുണയുമായി പിതാവ് ഹരിഹരനും ഭാര്യ അമൃതയും മക്കളായ ആരുഷും ആരാദ്ധ്യയും ഒപ്പമുണ്ട്. അജീഷിനെ നഗരസഭയിൽ നടന്ന ഓണാഘോഷത്തിൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ആദരിച്ചു.