അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ തകഴി കുന്നുമ്മ 14-ാം നമ്പർ ശാഖയിൽ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഗുരു കാരുണ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും വിദ്യാർത്ഥി പ്രതിഭകൾക്ക് അനുമോദനവും ഇന്നു നടക്കും. രാവിലെ 11 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും.
തകഴി ക്ഷേത്രത്തിന് സമീപത്തു നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ വെള്ളാപ്പള്ളി നടേശനെ ശാഖാങ്കണത്തിലേക്ക് ആനയിക്കും. ശാഖ നവതി സ്മാരക പ്രാർത്ഥന മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷനാകും. യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം മുഖ്യ പ്രസംഗം നടത്തും. ചലച്ചിത്ര സംവിധായകൻ എസ്.ജെ. സിനു കാഷ് അവാർഡ് വിതരണവും ആദരിക്കലും നിർവഹിക്കും. സൗത്ത് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.ബാബു സംസാരിക്കും. ശാഖ സെക്രട്ടറി രാജൻ ഐരാമ്പള്ളി സ്വാഗതവും പ്രസിഡന്റ് എം.ഡി.പ്രകാശൻ നന്ദിയും പറയും. നൂൽകെട്ട്, വിദ്യാരംഭം, 80 വയസു കഴിഞ്ഞവരെ ഓണക്കോടി നൽകി ആദരിക്കൽ,മംഗല്യ നിധി, വിധവകളുടെ മക്കൾക്കുള്ള പ്രത്യേക ധനസഹായം, ഗൃഹപ്രവേശം എന്നിവയാണ് ശാഖയിലെ ഗുരു കാരുണ്യം ക്ഷേമപദ്ധതികൾ.