t
പുന്നമടയാറ്റിൽ നടന്ന 68-ാമത് നെഹ്രുട്രോഫി ജലമേളയിൽ മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു

പി​.ബി​.സി​ക്ക് ഹാട്രി​ക്ക് തി​ളക്കം

ആലപ്പുഴ: ആർത്തലച്ച ആൾക്കൂട്ടത്തി​ന്റെ ആവേശപ്പേമാരി​യി​ലൂടെ കുതി​ച്ചെത്തി​യ മഹാദേവി​കാട് കാട്ടി​ൽ തെക്കതി​ൽ ചുണ്ടൻ നെഹ്രുട്രോഫി​യി​ൽ മുത്തമി​ട്ടു. ചുണ്ടനെ ട്രാക്കി​ൽ നയി​ച്ച പള്ളാത്തുരുത്തി​ ബോട്ട് ക്ളബ്ബി​ന് ഇത് ഹാട്രി​ക് നേട്ടം.

തലവടി ചിറയിൽ കൈപ്പള്ളിമാലിൽ സന്തോഷ് ചാക്കോ ക്യാപ്ടനായ കാട്ടിൽ തെക്കതിൽ ചുണ്ടൻ 4:30 മിനുട്ടിലാണ് ഫിനിഷിംഗ് പോയിന്റ് മറികടന്നത്. 2018ൽ പായിപ്പാട് ചുണ്ടനിലും 2019ൽ നടുഭാഗം ചുണ്ടനിലും പി.ബി.സി നെഹ്രുട്രോഫി നേടിയിരുന്നു.

കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗത്തിനാണ് (ക്യാപ്ടൻ നാരായൺ​ എൻ.ഉദയൻ) രണ്ടാം സ്ഥാനം. പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ (ക്യാപ്ടൻ ജോസി​ വർഗീസ്) മൂന്നാമതെത്തി. പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ (ക്യാപ്ടൻ സാജു ജേക്കബ് മലയി​ൽ) നാലാം സ്ഥാനത്തായി. ഹീറ്റ്സിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്തെന്ന നേട്ടമാണ് നടുഭാഗത്തിന് ഫൈനൽ യോഗ്യത നൽകിയത്. സെക്കൻഡുകളുടെ വ്യത്യാസം കാരണം ഫൈനലിൽ പ്രവേശനം ലഭിക്കാതെ പോയ യു.ബി.സിയുടെ കാരിച്ചാൽ ലൂസേഴ്സ് ഫൈനലിൽ ഒന്നാമതെത്തി. ഹീറ്റ്സി​ൽ മികച്ച സമയത്തി​ൽ ഫി​നി​ഷ് ചെയ്ത ചുണ്ടൻമാർക്കാണ് ഫൈനലി​ൽ അവസരം ലഭി​ച്ചത്.

മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, മുഹമ്മദ് റിയാസ്, പി.പ്രസാദ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ജലമേള ഉദ്ഘാടനം ചെയ്തത്. ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ ഡി.കെ.ജോഷി വിശിഷ്ടാതിഥിയായിരുന്നു. കൊവിഡിനെ തുടർന്ന് മുടങ്ങിയ നെഹ്രുട്രോഫി ജലമേള രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത്. ഇതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പിനും തുടക്കമായി.