മാന്നാർ: 56-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം നാളെ 2.30 ന് കൂര്യത്ത് കടവിലുള്ള മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ആയാപറമ്പ് പാണ്ടി, ചെറുതന, വലിയ ദിവാൻജി , കരുവാറ്റ, പായിപ്പാട്, സെന്റ് പയസ് , വീയപുരം, നിരണം, ആനാരി, ജവഹർ തായങ്കരി, ഗബ്രിയേൽ എന്നീ ചുണ്ടൻ വള്ളങ്ങളും, മണലി, പുന്നത്ര വെങ്ങാഴി, പട്ടേരി പുരയ്ക്കൽ, ഷോട്ട് , കോട്ടപ്പറമ്പൻ, അമ്പലക്കടവൻ, ചെത്തിക്കാടൻ എന്നീ വെപ്പ് വള്ളങ്ങളും , മാമ്മൂടൻ, തോട്ടുതറ കൊച്ചയ്യപ്പൻ, ജലറാണി, ഡായി എന്നീ ഇരുട്ടുകുത്തി വള്ളങ്ങളും മറ്റ് ചുരുളൻ വള്ളങ്ങളും ഉൾപ്പെടെ 40 കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഇടവേളയിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം കാണികൾക്ക് വിസ്മയക്കാഴ്ചയാകും. ഓണപ്പാട്ടും വഞ്ചിപ്പാട്ടും വിളംബര ഘോഷയാത്രയും വള്ളംകളിയുടെ മുന്നോടിയായി നടക്കും. ജലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ എൻ.ഷൈലാജ്, സെക്രട്ടറി ടി.കെ ഷാജഹാൻ എന്നിവർ അറിയിച്ചു. സജി ചെറിയാൻ എം.എൽ.എ പതാക ഉയർത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി അഡ്വ. എൻ ഷൈലാജ് അദ്ധ്യക്ഷത വഹിക്കും. ജലഘോഷ യാത്ര ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും അനുഗ്രഹ പ്രഭാഷണം ഗുരു രത്നം ജ്ഞാനതപസ്വി (ശാന്തിഗിരി മഠം)യും സുവനീർ പ്രകാശനം മാത്യു ടി.തോമസ് എം.എൽ.എയും നിർവ്വഹിക്കും, പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിക്കും. ആന്റോ ആന്റണി എം.പിയും എയർ മാർഷർ ചലപതിയും സമ്മാനദാനം നിർവഹിക്കും. അനിൽ.എസ്. നായർ നന്ദി പറയും.