ആലപ്പുഴ: ആലപ്പുഴ നഗരസഭ ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ അത്തപ്പൂക്കള മത്സരം കാണികൾക്ക് നവ്യാനുഭവം പകർന്നു. 52 വാർഡിൽ നിന്നുമുള്ള എ.ഡി.എസ് ഗ്രൂപ്പുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വിദേശികൾക്കും സ്വദേശികൾക്കും ദൃശ്യാനുഭവം പകരുന്ന് ആലപ്പുഴ ബീച്ചിൽ ബൈപാസ് പില്ലറുകളുടെ താഴെ വിജയ് പാർക്ക് മുതൽ തെക്കോട്ടാണ് അത്തപ്പൂക്കളങ്ങമോരുക്കിയത്. 3 മീറ്റർ വീതം വീതിയും നീളത്തിലുമാണ് ഓരോ ഗ്രൂപ്പും പൂക്കളങ്ങളമിട്ടത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചു. ഓരോ വാർഡിലെയും എ.ഡി.എസ് ഗ്രൂപ്പുകൾക്കൊപ്പം നേതൃത്വപരമായ പങ്കാളിത്തത്തോടെ കൗൺസിലർമാരും അണിനിരന്നു. വിദേശികളടക്കം ആയിരക്കണക്കിനാളുകളാണ് പൂക്കളങ്ങൾ കാണാനെത്തിയത്. ജനകീയ വിധി നിർണയവും നടന്നു. അഡ്വ. എ.എം.ആരിഫ് എം.പി, എം.എൽ.എ മാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തുടങ്ങിയവർ പൂക്കളങ്ങൾ സന്ദർശിച്ചു. രാവിലെ 10.30 ന് ആരംഭിച്ച മത്സരം ഉച്ചക്ക് ഒന്നിന് സമാപിച്ചു. പ്രശസ്ത വിഷ്വൽ കലാകാരന്മാരായ അമീൻ ഹലീൽ, വി.എസ്. ബ്ലോഡ്‌സോ, എന്നിവരായിരുന്നു വിധികർത്താക്കൾ. ഇന്ന് ടൗൺഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ഓണോഘോഷവും വയോജനസംഗമവും വേദിയിൽ ഫലപ്രഖ്യാപനവും സമ്മാദാനവും നടത്തും. മികച്ച അത്തപ്പൂക്കളത്തിന് 10000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയും പങ്കെടുക്കുന്ന എല്ലാ എ.ഡി.എസ് ഗ്രൂപ്പുകൾക്കും 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, അത്തപ്പൂക്കള കമ്മറ്റി ചെയർപേഴ്‌സൺ ഹെലൻഫെർണാണ്ടസ്, കൺവീനർ ശ്രീലേഖ, എ.ഡി.എസ് ചെയർപേഴ്‌സൺമാരായ സോഫിയ അഗസ്റ്റ്യൻ, ഷീലമോഹൻ എന്നിവർ അറിയിച്ചു.