കുട്ടനാട്: എ-സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിറുത്തിവെച്ച ആലപ്പുഴ-ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സർവീസുകൾ ഓണക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ആവശ്യം. ആലപ്പുഴ, ചങ്ങനാശേരി ഡിപ്പോകളിൽ നിന്നു ഒരു തടസവുമില്ലാതെ മങ്കൊമ്പ് ജംഗ്ഷൻ വരെ ഇപ്പോഴുള്ള സർവീസ് പൂർവ സ്ഥിതിയിലാക്കാൻ എന്താണ് തടസമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ആവശ്യപെട്ടു
ഇരു സ്ഥലങ്ങളിൽ നിന്നും മങ്കൊമ്പിലെത്തുന്നവർ അടുത്ത ബസിനായി മണിക്കൂറുകളാണ് കാത്തു നിൽക്കുന്നത്. തിക്കുംതിരക്കും കാരണം വലിയ ബുദ്ധിമുട്ടാണ് ഇവർ നേരിടേണ്ടിവരുന്നത്. യൂണിയൻ ചെയർമാൻ പി വി ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൺവീനർ സന്തോഷ് ശാന്തി വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി. പ്രമോദ്, ടി.എസ്. പ്രദീപ്കുമാർ, അഡ്വ.എസ്. അജേഷ് കുമാർ,കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ്, പോഷക സംഘടന ഭാരവാഹികളായ കെ.പി. സുബീഷ്, പി.ആർ. രതീഷ്, ലേഖ ജയപ്രകാശ്, സ്മിത മനോജ്, കെ.ജി. ഗോകുൽദാസ്, കമലാസനൻ ശാന്തി, സജേഷ് ശാന്തി, എം.ഡി. നിധിൻ എന്നിവർ സംസാരിച്ചു.
# വലഞ്ഞ് യാത്രക്കാർ
ഫ്ലൈ ഓവറുകളോടു ചേർന്ന് കുളമായി കിടക്കുന്ന സർവീസ് റോഡുകൾ ടാർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ കുഴികളിൽ നിന്ന് തെറിക്കുന്ന ചെളിയും വെള്ളവും കാൽനട, ഇരുചക്ര വാഹന യാത്രക്കാരുടെ ദേഹം മീതേ പതിക്കുകയാണ്. യാത്ര തുടരാൻ പോലും സാധിക്കാത്ത സ്ഥിതി. നിരന്തരം അപകടങ്ങൾക്കും പ്രദേശം വേദിയാവുന്നു,