ആലപ്പുഴ: രണ്ടുദിവസത്തെ കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീടിന് മുകളിൽ വീണ് ജില്ലയിൽ ഒരു വീട് പൂർണ്ണമായും 31 വീടുകൾ ഭാഗികമായും തകർന്നു. കടൽ പ്രക്ഷുബ്ധമായതോടെ തീരത്തും ദുരിതമാണ്. ചേർത്തല താലൂക്കിൽ കാട്ടൂർ ഭാഗത്തു നിന്നുള്ള സെന്റ് മൈക്കിൾ, അനിൽ എന്നീ വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ 13പേർ കൊച്ചി മത്സ്യബന്ധന തുറമുഖത്ത് തിരിച്ചെത്താൻ വൈകിയത് ആശങ്ക പടർത്തി. അവശ്യ ഘട്ടങ്ങളിൽ രക്ഷാ - ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ട് ഓഫീസർമാർ ഉൾപ്പെടെ 20 അംഗ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി. ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.
കുട്ടനാട് താലൂക്കിലെ കുന്നുമ്മ കളത്തിൽ പറമ്പിൽ രത്നമ്മയുടെ വീടാണ് പൂർണ്ണമായും തകർന്നത്. താലൂക്ക് അടിസ്ഥാനത്തിൽ മാവേലിക്കരയിൽ 15ഉം ചെങ്ങന്നൂരിൽ നാലും കുട്ടനാട്ടിൽ പത്തും കാർത്തികപ്പള്ളിയിൽ രണ്ടും വീതം വീടുകളാണ് ഭാഗികമായി തകർന്നത്. കുട്ടനാട്,അപ്പർ കുട്ടനാട് മേഖലയിൽ കരകൃഷി വ്യാപകമായി നശിച്ചു. വൃഷ്ടി പ്രദേശത്ത് തോരാതെ പെയ്യുന്ന മഴയെ തുടർന്ന് ജില്ലയിൽ പമ്പ, അച്ചൻ കോവിൽ, മണമല ആറുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ജലനിരപ്പ് എല്ലായിടത്തും അപകടനിലയുടെ മുകളിലാണ്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ പകൽ മഴ മാറിനിന്നതാണ് ഏക ആശ്വാസം.
രണ്ടാം കൃഷിയിറക്കിയ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിലെ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളുടെ തീരത്ത് കടൽകയറ്റം അതിരൂക്ഷമാണ്. നീർക്കുന്നത്ത് നിരവധി വീടുകൾ ഏത് സമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.