ആലപ്പുഴ : തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങൾക്കായി നാട് ഇന്ന് ഉത്രാടപാച്ചിലിലാകും. ഉത്രാടത്തിന്റെ തലേനാളായ ഇന്നലെയും വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്.ഇന്നലെ രാവിലെ മഴ ആശങ്കയുണർത്തിയെങ്കിലും ഉച്ചയോടെ തെളിഞ്ഞ കാലാവസ്ഥയായത് നഗരത്തിൽ ഇറങ്ങിയവർക്ക് അനുഗ്രഹമായി.

ജനസഞ്ചയം നഗരത്തിലിറങ്ങിയതോടെ വീഥികൾ ഞെങ്ങിഞെരുങ്ങി. കാൽനടയാത്രപോലും ബുദ്ധിമുട്ടായി. പച്ചക്കറിക്കടകളിലും വസ്ത്രശാലകളിലുമായിരുന്നു തിരക്ക് കൂടുതൽ. ചെറുകിട കച്ചവടക്കാർ നഗരപാതകൾ കൈയടക്കി. പൂക്കൾ വാങ്ങാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഓണച്ചന്ത, ഭക്ഷ്യമേള, വിപണനമേള, തുണിക്കടകൾ, ബേക്കറികൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിലും നല്ല തിരക്കായിരുന്നു. തിരുവോണം നാളെയാണെങ്കിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലേക്കും ആഘോഷം നീളും.

നഗരം കുരുങ്ങി

സദ്യയൊരുക്കാൻ പച്ചക്കറിക്കടകളിൽ ജനങ്ങൾ തിങ്ങി നിറഞ്ഞപ്പോൾ ഓണപ്പുടവയ്ക്കായി വസ്ത്രശാലകളിലും തിരക്കോട് തിരക്കായി. ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഓണാഘോഷത്തിന്റെ തിരക്കായിരുന്നു. ഇന്നലെ രാവിലെ മുതൽ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് അനഭവപ്പെട്ടത്. ജനറൽ ആശുപത്രി, ഇരുമ്പുപാലം, കല്ലുപാലം, മുല്ലക്കൽ, വൈഎം സി.എ, ജില്ലാകോടതി പാലം, പിച്ചു അയ്യർ ജംഗ്ഷൻ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരകാണമായിരുന്നു. നഗരത്തിലെ കൊമ്മാടി,ശവക്കോട്ട പാലങ്ങളുടെ നിർമ്മാണം പാതിവഴിയിലാണെന്നതും ഗതാഗത കുരുക്കിന് കാരണമായി. ട്രാഫിക് പൊലീസിന്റെ അംഗ ബലം കുറവായതിനാൽ പിച്ചു അയ്യർ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം പ്രദേശവാസികൾ ഏറ്റെടുത്തു.