
ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയിൽ വനിതകളുടെ തെക്കനോടി വിഭാഗത്തിൽ ദേവസ് വള്ളത്തിൽ മത്സരിച്ച നഗരസഭാദ്ധ്യക്ഷ ക്യാപ്ടനായ ഹരിതകർമ്മ സേനാ ടീമിനെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നതായി ആക്ഷേപം. മറ്റ് വള്ളങ്ങളെ പിന്നിലാക്കി മുന്നോട്ട് കുതിക്കുന്ന വേളയിൽ ദേവസ് വള്ളത്തിലെ അമരക്കാർ വെള്ളത്തിലേക്ക് വീഴുന്ന ദൃശ്യം തെളിവാക്കി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, പൊലീസ് മേധാവിക്കും പരാതി നൽകി.
വള്ളം ചരിയുക പോലും ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ, പരിചയസമ്പന്നരായ അമരക്കാർ വെള്ളത്തിലേക്ക് വീണത് സംശയാസ്പദമാണെന്നാണ് ആക്ഷേപം. ആദ്യം അമരത്ത് നിന്നിരുന്ന ലീഡിംഗ് തുഴക്കാരൻ വെള്ളത്തിലേക്ക് വീഴാൻ തുടങ്ങുന്നതും, ഒപ്പമുള്ളവരെ കൂടി വലിച്ച് വെള്ളത്തിലേക്ക് പതിക്കുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. കായലിൽ വീണവരെ പൊലീസും ഫയർഫോഴ്സുമെത്തി വളളത്തിൽ തിരികെ കയറ്റിയാണ് തുഴച്ചിൽ പുനരാരംഭിച്ചത്. ഇതോടെ വള്ളം മറ്റുള്ളവരെക്കാൾ ഏറെ പിന്നിലായി. വിലപ്പെട്ട സമയം നഷ്ടപ്പെടുത്താൻ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് സംഭവമെന്ന് അധികൃതർ സംശയിക്കുന്നു. പ്രദേശവാസി പകർത്തിയ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.
കരുത്ത് കൈവിടാതെ ഹരിതകർമ്മസേന
ഹരിത കർമ്മ സേനയുടെ പദവി ഉയർത്തുക, കായൽ മലിനീകരണത്തിനെതിരെ വനിതാ പ്രതിരോധം തീർക്കുക എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് സേനയെ പ്രതിസന്ധികൾക്കും തിരക്കുകൾക്കുമിടയിൽ വള്ളംകളിയിൽ മത്സരിപ്പിച്ചത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും,
രാത്രി 10 മണിവരെ നഗരം ശുചിയാക്കലിൽ പങ്കാളികളായിട്ടാണ് ഹരിത കർമ്മ സേന മടങ്ങിയത്.
ചതിയും ഗൂഡാലോചനയും ഇതിന് പിന്നിൽ നടന്നിട്ടുണ്ട്. സത്യം ജയിക്കും എന്നു പറയുന്നതു പോലെ ചതി യാദൃച്ഛികമായി കാഴ്ചക്കാരുടെ കാമറക്കണ്ണിൽപ്പെട്ടു. ഇത്ര പരിചയസമ്പന്നരായ തുഴക്കാർ ചരിയുക പോലും ചെയ്യാത്ത വള്ളത്തിൽ നിന്ന് വീഴുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്
സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ (ക്യാപ്ടൻ, ദേവസ് വള്ളം)