ആലപ്പുഴ: ദേവസ്വം ബോർഡിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജനെതിരെ 24 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇതുവരെ വെളിവായത്. വിവിധ ജില്ലകളിൽ നിന്നായി 50 ലധികം പേർ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പരാതികൾ കൂടി രജിസ്‌റ്റർ ചെയ്യുമ്പോൾ അഞ്ചു കോടിയിലധികം രൂപയുടെ തട്ടിപ്പുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ക്ളർക്ക്, അറ്റൻഡർ, പ്യൂൺ തസ്‌തികകളിൽ നിയമനം വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. വിനീഷ് കോടതിയിൽ കീഴടങ്ങിയതോടെ നിരവധി പേർ പരാതിയുമായി മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ എത്തുന്നു.
വിനീഷിനെ അടുത്ത ദിവസം കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകും. കൂട്ടു പ്രതികളായ ചെട്ടികുളങ്ങര കടവൂർ പത്മാലയം പി. രാജേഷ് (34), പേള പള്ളിയമ്പിൽ വി. അരുൺ (24), കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ് (24), ഓലക്കെട്ടിയമ്പലം ശ്രേഷ്‌ഠത്തിൽ എസ്. ആദിത്യൻ (22) എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു. ദേവസ്വം ബോർഡിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വിഞ്ജാപനം വരുന്ന സമയത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജോലി ലഭിക്കാത്തവരോട് അടുത്ത തവണ നോക്കാമെന്ന് പറഞ്ഞ് തടിതപ്പുന്നതായിരുന്നു സംഘത്തിന്റെ രീതി. ഒമ്പതു ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപയാണ് പലരോടും ആവശ്യപ്പെട്ടിരുന്നത്. ഇടപാട് ഉറപ്പിച്ചാൽ പകുതി തുക നൽകണം. ജോലി ലഭിക്കുമ്പോൾ ബാക്കി തുകയും കൈമാറണം. അതിനാൽ ചില ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. വിനീഷ് രാജന്റെ കടവൂർകുളത്തെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർ ഗ്രേഡ് - ഒന്നിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ മൃഗസംരക്ഷണ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കൊപ്പം മൃഗങ്ങളെ ചികിത്സിക്കാൻ പോയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.