ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പതാകദിനം, ഘോഷയാത്ര, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനം തുടങ്ങിയവയാണ് ചതയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. 10ന് വൈകിട്ട് 3.30ന് എ.എൻ.പുരം ക്ഷേത്രമൈതാനത്ത് (ആനവാതിൽ) നിന്ന് പതിനായിരങ്ങൾ അണിനിരക്കുന്ന ജയന്തി മഹാഘോഷയാത്ര ആരംഭിച്ച് ഇരുമ്പുപാലം, സീറോ ജംഗ്ഷൻ, മുല്ലയ്ക്കൽ വഴി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് സമാപിക്കും.അഞ്ചു മണിക്ക് ജയന്തിസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. രമേശ് ചെന്നിത്തല എം.എൽ.എ ചതയദിന സന്ദേശം നൽകും. നഗരസഭ ചെയർപേഴ്‌സൺ സൗമ്യാരാജ് സമ്മാനദാനം നിർവഹിക്കും. എം.എൽ.എമാരായ പി.പി.ചിത്തരജ്ഞൻ, എച്ച്.സലാം, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, കൊട്ടാരം ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ പ്രേംജി, അഡ്വ. കെ.വൈ.സുധീന്ദ്രൻ, അഡ്വ. ജയൻ സി.ദാസ്, നഗരസഭ കൗൺസിലർമാരായ കെ.ബാബു, ആർ.വിനീത തുടങ്ങിയവർ സംസാരിക്കും. ഷാജി കളരിക്കൽ, സബിൽരാജ്, പി.വി.സാനു, എ.കെ.രങ്കരാജൻ, കെ.പി.പരീക്ഷിത്ത്, വി.ആർ.വിദ്യാധരൻ, കെ.ഭാസി,ദിനേശൻ ഭാവന, പി.വി.വേണുഗോപാൽ, ജമിനി മണിയപ്പൻ, ടി.കെ.ദിലീപ്കുമാർ, അനീഷ് ശാന്തി, കെ.പി.കലേഷ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറയും.

പ്രവർത്തകർ കേന്ദ്രീകരിക്കേണ്ടത്

താലൂക്കിലെ മുഴുവൻ ശാഖായോഗങ്ങളിൽ നിന്നും എത്തുന്ന ശ്രീനാരായണീയർ ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപം തിരുമല ക്ഷേത്രത്തിനു മുൻവശം, ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം, ഇരുമ്പുപാലത്തിനു വടക്കുവശം പടിഞ്ഞാറോട്ട് എന്നിവിടങ്ങളിൽ അണിനിരക്കും. എ.എൻ.പുരം ക്ഷേത്രഗോപുരത്തിന് മുന്നിൽ നിന്നും 3.30ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ അലങ്കരിച്ച രഥത്തിൽ ഗുരുവിഗ്രഹം നീങ്ങും. വാദ്യമേളങ്ങൾ, ബാന്റ്‌മേളം, നാടൻകലാരൂപങ്ങൾ, വർണ്ണക്കുടകൾ എന്നിവ മ്പോഷയാത്രയ്ക്ക് വർണ്ണപ്പൊലിമയേകും. അഞ്ചുവർഷത്തിന് ശേഷമാണ് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് യൂണിയന്റെ ആഘോഷം നടക്കുന്നത്. വാർത്താസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയർമാനുമായ പി.ഹരിദാസ്, വർക്കിംഗ് ചെയർമാൻ ബി.രഘുനാഥ്, രക്ഷാധികാരികളായ ഷാജികളരിക്കൽ, വി.സബിൽരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.കെ.രംഗരാജൻ, കെ.പി.പരീഷിത്ത്, പി.വി.സാനു, യുണിയൻ കൗൺസിലർമാരായ വി.ആർ.വിദ്യാധരൻ, എം.രാജേഷ് എന്നിവരും പങ്കെടുത്തു.

പതാക ദിനവും വിളംബര ജാഥയും

കഴിഞ്ഞ നാലിന് കിടങ്ങാംപറമ്പ് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി. ഹരിദാസ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് ആരംഭംകുറിച്ചു. പതാക ദിനത്തോടനുബന്ധിച്ച് യൂണിയന്റെ പരിധിയിലുള്ള ശ്രീനാരായണീയ ഭവനങ്ങൾ, ശാഖാ ആസ്ഥാനങ്ങൾ,ഗുരുമന്ദിരങ്ങൾ, കുടുംബയൂണിറ്റ് കേന്ദ്രങ്ങൾ, പ്രധാന വീഥികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവവിടങ്ങളിൽ പീത പതാക ഉയർത്തി. ശാഖാതലത്തിൽ വിളംബരജാഥകളും നടത്തി.