കുട്ടനാട് : കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാടശേഖരത്തുണ്ടായ മടവീഴ്ചയിൽ പുതുതായി നിർമ്മിച്ച വീട് തകർന്ന കുട്ടനാട് സൗത്ത് യൂണിയൻ ചമ്പക്കുളം അമിച്ചകരി 35ൽച്ചിറ ജയകുമാറിന് എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായ ഹസ്തം. കഴിഞ്ഞ ദിവസം അമിച്ചകരി ശാഖാ സന്ദർശനത്തിനെത്തിയപ്പോൾ .കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദമാണ് ജയകുമാറിന്റെ വീട് തകർന്ന സംഭവം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടനെ തന്നെ സ്ഥലം സന്ദർശിക്കാനും ജയകുമാറിനെ നേരിൽ കാണാനും സന്നദ്ധ പ്രകടിപ്പിച്ചെങ്കിലും മടവീഴ്ചയെ തുടർന്ന് അങ്ങോട്ടേയ്ക്കുള്ള യാത്ര ദുഷ്ക്കരമായതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയും ജയകുമാറിനെ അമിച്ചകരി ശാഖയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് സാമ്പത്തിക സഹായം വെള്ളാപ്പള്ളി കൈമാറി . യൂണിയന്റെയും ശാഖയുടേയും സഹായം നേരത്തേ നൽകിയിരുന്നു. ഇതിന് പുറമെയാണ് ജനറൽസെക്രട്ടറിയുടെ സഹായം. അമിച്ചകരി ശാഖാങ്കണത്തിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ പി സുപ്രമോദം എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി സ്വാഗതം പറഞ്ഞു