niranam-chundan

മാന്നാർ: 56-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിൽ ചെറുതന ചുണ്ടനെ പിന്നിലാക്കി റജി അടിവക്കൽ ക്യാപ്റ്റനായി കേരളാ പൊലീസ് തുഴഞ്ഞ നിരണം ചുണ്ടൻ ജേതാക്കളായി​. വെള്ളംകുളങ്ങരയ്ക്കാണ് മൂന്നാാം സ്ഥാനം. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ആനാരി ഒന്നാമതും ആയാപറമ്പ് പാണ്ടി രണ്ടാമതും ആയാപറമ്പ് വലിയ ദിവാൻജി മൂന്നാമതും എത്തി.​. ജലോത്സവപ്രേമികളെ ആവേശക്കൊടുമുടിയിലെത്തിച്ച വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെ ഫൈനലിൽ വി.ഐ.തോമസ് ക്യാപ്റ്റനായുള്ള പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനത്തും ജയ് ഷോട്ട് രണ്ടാം സ്ഥാനത്തും അമ്പലക്കടവൻ മൂന്നാം സ്ഥാനത്തും എത്തി. കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ രാജൻ സുജൂദ് ക്യാപ്റ്റനായുള്ള മണലി ലൂസേഴ്‌സ് ഫൈനലിൽ ഒന്നാം സ്ഥാനത്തും ആശാ പുളി​ക്കക്കളം രണ്ടാമതും എത്തി.

ജലോത്സവത്തിന് മുന്നോടിയായി കെ.ജി എബ്രഹാം പതാക ഉയർത്തി.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി കൺവീനർ എൻ.ശൈലാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ രാജ്യ സഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ സുവനീർ പ്രകാശനം ചെയ്തു. ആന്റോ ആന്റണി എം.പി, എയർ വിംഗ് കമാന്റർ അശോക് ബാബു എന്നിവർ സമ്മാനദാനം നടത്തി. ജലോത്സവ സമിതി ജനറൽ സെക്രട്ടറി ടി.കെ ഷാജഹാൻ, രക്ഷാധികാരികളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മാന്നാർ അബ്ദുൽ ലത്തീഫ്, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ചുണ്ടൻ വള്ളങ്ങളുടെ പ്രതിനിധി രാജപ്പൻ ആചാരി, രവി തൈച്ചിറ, ഐപ്പ് ചക്കിട്ട, മോൻ തുണ്ടിയിൽ, ഷംസ് മാന്നാർ, സാബു ട്രാവൻകൂർ, സോമരാജൻ, സാജൻ തോമസ് എന്നിവർ സംസാരിച്ചു.