coir

വി​തരണം ചെയ്തത് 9.88കോടി

ആലപ്പുഴ : സാമ്പത്തിക പ്രതിസന്ധിക്കിടയിലും കയർ തൊഴിലാളികളുടെ വേതനവും ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകി കയർഫെഡ്. 70,000 ക്വിന്റലോളം കയർ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുമ്പോഴാണ് സംഘങ്ങൾക്കുള്ള കയർ വില മുഴുവനായി​ നൽകിയത്. അറുനൂറോളം വരുന്ന അംഗസംഘങ്ങൾക്കായി 9.88കോടി രൂപയാണ് വിതരണം ചെയ്തത്.

വിപണി വിപുലീകരണ പദ്ധതി ഇനത്തിൽ 3.80കോടി രൂപയും വില സ്ഥിരതാ ഫണ്ടിനത്തിൽ 6.08കോടി രൂപയും സർക്കാർ കയർഫെഡിന് അനുവദിച്ചിരുന്നു. ഈ തുകയോടൊപ്പം പത്ത് കോടിയോളം രൂപ സ്വന്തം നിലയിൽ സമാഹരിച്ചുമാണ് കയറിന്റെ വില നൽകിയത്. പി.എം.ഐ ഇനത്തിലും എം.ഡി.എ ഇനത്തിലും സംഘങ്ങൾക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകി. കയർപിരി തൊഴിലാളികളുടെ വരുമാന പൂരക പദ്ധതി കുടിശി​ക തീർത്ത് നൽകുന്നതിന് പന്ത്രണ്ടര കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രി പി.രാജീവിനോടും കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ നന്ദി അറിയിച്ചു.