s
തെരുവ് നായ

ആലപ്പുഴ: രാപ്പകൽ വ്യത്യാസമില്ലാതെ തെരുവുകൾ നായ്ക്കളുടെ വിഹാര കേന്ദ്രമായതോടെ പുറത്തിറങ്ങാൻ ഭയന്ന് ജനം. പത്തനംതിട്ടയിൽ, നായയുടെ കടിയേറ്റതിനെത്തുടർന്ന് വാക്സിനെടുത്ത 12 വയസുകാരി മരിച്ച സംഭവത്തോടെ നായ്ക്കളെ കണ്ടാൽ വഴിമാറി നടക്കേണ്ട അവസ്ഥയിലാണ്

വഴിയാത്രക്കാർ.

പല തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിലച്ചിട്ട് വർഷങ്ങളായി. ആലപ്പുഴ നഗരസഭ ബഡ്ജറ്റിൽ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി (എ.ബി.സി) നടപ്പാക്കാൻ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നായ്ക്കളെ പിടികൂടാൻ അംഗീകൃത ഏജൻസികൾ നിർബന്ധമാണെന്ന നിർദ്ദേശം കാരണം പദ്ധതി നടപ്പായിട്ടില്ല. പരിശീലനം ലഭിച്ച നായ പിടിത്തക്കാരെ ലഭിക്കാത്തതാണ് വെല്ലുവിളി. ഡോഗ് ക്യാച്ചർ ലൈസൻസുള്ളവരെ ഉപയോഗിച്ച് മാത്രം നായ്ക്കളെ പിടിക്കണമെന്നാണ് നിയമം. കുടുംബശ്രീക്കാരെ ഇക്കാരണത്താൽ ഒഴിവാക്കിയതോടെയാണ് നായ്ക്കളെ പിടിക്കാൻ ആളില്ലാത്ത അവസ്ഥയായത്. വീടുകളിൽ പാർപ്പിക്കുന്ന നായ്ക്കളിൽ രോഗബാധയോ പേ ലക്ഷണങ്ങളോ കണ്ടാൽ ഇവയെ പുറന്തള്ളുന്നതും അപകടം ക്ഷണിച്ചുവരുത്തും. 12 വയസുകാരി പേ വിഷബാധയേറ്റ് മരിക്കാൻ കാരണമായത് വീട്ടിൽ വളർത്തിയിരുന്ന നായയുടെ കടിയേറ്റാണെന്നും ആരോപണമുണ്ട്. വീട്ടിലെ നായ്ക്കൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാൻ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ബോദ്ധ്യപ്പെടുത്തുന്നു.

# സ്റ്റാൻഡിൽ നിറയെ നായ്ക്കൾ

ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ രാത്രി യാത്രക്കാർക്ക് നായ്ക്കൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്ഥിരം തെരുവുനായ ആക്രമണം വാർത്തകളിൽ നിറയുന്നതിനാൽ ഭയപ്പാടോടെയാണ് വാഹനം കാത്തുനിൽക്കുന്നത്. യാത്രക്കാർക്ക് സമീപം ഇവ വന്ന് മുട്ടിയുരുമ്മി നിൽക്കുന്നതും കാത്തിരിപ്പിനുള്ള കസേരകൾക്ക് സമീപം കൂട്ടമായി ഇരിക്കുന്നതും പതിവാണ്.

........................

സമാധാനത്തോടെ ബസ് കാത്ത് നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കൂട്ടത്തോടെയാണ് നായ്ക്കൾ എത്തുന്നത്. ചിലപ്പോൾ ഇവ തമ്മിൽ കടിപിടികൂടും. നമ്മുടെ അടുത്തേക്ക് പാഞ്ഞടുക്കുമോ എന്ന പേടിയാടെയാണ് നിൽപ്പ് തുടരുന്നത്

സൗമ്യ സൂരജ്, യാത്രക്കാരി

ബസിലെ മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷമാണ് വീട്ടിലേക്ക് പോകാൻ അടുത്ത ബസ് കാത്ത് നിൽക്കുന്നത്. ഈ ക്ഷീണത്തിനിടെയും നായ്ക്കൾ കടിക്കുമോ എന്ന ഭയത്തിലാണ് നിൽക്കുന്നത്

വനിതാ കണ്ടക്ടർ