ആലപ്പുഴ: നഗരസഭയുടെ അഭിമാന ശുചിത്വ പദ്ധതിയായ നിർമ്മല ഭവനം നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി അഴകിൻ നിറപൊലി സംഗീത ആൽബം റിലീസ് ചെയ്തു. ആലപ്പുഴ നഗരത്തിന്റെയും നഗരസഭ പൂന്തോട്ടങ്ങളുടെയും സൗന്ദര്യം മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്ന ആൽബത്തിന്റെ ആശയവും രചനയും സംഗീതവും ഗാനാലാപനവും നിർവഹിച്ചിരിക്കുന്നത് നഗരസഭാ ജീവനക്കാരനും ഗായകനുമായ അനിൽ.ടി. വർഗീസാണ്. തുടർച്ചയായി രണ്ടാം തവണയാണ് നഗരസഭ സംഗീത ആൽബം പുറത്തിറക്കുന്നത്. നഗരസഭ കൗൺസിൽ ക്ലർക്ക് സുനിൽ ശ്രീധർ സംവിധാനം ചെയ്ത സംഗീത ആൽബത്തിൽ കാവ്യ സത്യൻ, ഹരീഷ് പുലത്തറ, സുരേഷ് ശബരി എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.