s
ആധാർ

ആലപ്പുഴ: റേഷൻ കാർഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി റേഷൻ കിട്ടില്ല. ഈ മാസം 15നകം ആധാർ ബന്ധിപ്പിച്ചിരിക്കണമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം.

ആധാർ ബന്ധിപ്പിക്കാത്ത സബ്സിഡി കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും. നിരവധി തവണ അവസരം നൽകിയിട്ടും അനുസരിക്കാൻ ഉപഭോക്താക്കൾ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. നീല, വെള്ള കാർഡുകാരാണ് ആധാർ ബന്ധിപ്പിക്കാൻ മടിക്കുന്നത്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ, അക്ഷയകേന്ദ്രങ്ങൾ, www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് തുടങ്ങിയവ വഴി ആധാർ ബന്ധിപ്പിക്കാം.

# കിറ്റ് കിട്ടാത്തവരും ഏറെ

കിറ്റ് ലഭിക്കാത്തവർക്ക് ഉത്രാടനാളിൽ റേഷൻ കടകൾ വഴി കിറ്റെത്തിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. റേഷൻ കട ഉടമകൾ സഹകരിച്ചാണ് കിറ്റില്ലാത്ത കടകളിൽ ഇന്നലെ കിറ്റെത്തിച്ചത്. ഉപഭോക്താക്കൾ കുറവുള്ള കടകളിൽ നിന്നാണ്, ആവശ്യക്കാരുള്ള ഇടങ്ങളിൽ കിറ്റെത്തിച്ചത്. എല്ലാവരും കിറ്റ് വാങ്ങാനെത്തില്ലെന്ന കാഴ്ച്ചപ്പാടിൽ, ഓരോ റേഷൻ കടകയിലും 94 ശതമാനം കിറ്റുകൾ മാത്രമാണെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പലരും ക്യൂ നിന്ന ശേഷം വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയുണ്ടായി.

..........................

ജില്ലയിൽ ആകെ റേഷൻ കാർഡുകൾ: 6,15,201

അംഗങ്ങൾ: 22,24,896

ആധാർ ബന്ധിപ്പിച്ചവർ: 22,04,075

ബന്ധിപ്പിച്ചിട്ടില്ലാത്തവർ: 20,821

..........................

വാങ്ങാനെത്താത്ത ഉപഭോക്താക്കളുടെ കിറ്റ്, ആവശ്യക്കാരുള്ള കടകളിൽ എത്തിച്ചാണ് ഇന്നലെ വിതരണം നടത്തിയത്. ഉപഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് കിറ്റുകളെത്തിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും, ഒന്നും നടന്നില്ല

റേഷൻ കട ഉടമകൾ, ആലപ്പുഴ