
ചേർത്തല: നേതാക്കൾക്കു പിന്നാലെ കൂടുന്നവരെ യോഗ്യതയും സാമൂഹിക പശ്ചാത്തലവും നോക്കാതെ നേതൃസ്ഥാനങ്ങളിൽ അവരോധിച്ചത് കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്ന് മുതിർന്ന നേതാവ് വയലാർ രവി പറഞ്ഞു. തിരുവനന്തപുരത്തെ ആദ്യകാല കെ.എസ്.യു കൂട്ടായ്മയായ സമ്മോഹനത്തിന്റെ 'ചരിത്രനായകൻ' പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതാവായി ഭവിക്കുന്ന പലർക്കും ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ല. ഇഷ്ടക്കാർക്കായി സ്ഥാനങ്ങൾ വീതിച്ചെടുക്കുന്ന നോമിനേഷൻ രീതി പൂർണമായും നിറുത്തണം. ആര് നേതാവാകണമെന്ന് അതതു കമ്മിറ്റികൾ നിശ്ചയിക്കണം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ യൂണിറ്റുതലത്തിൽ വളർത്തി നേതൃനിരയെ കണ്ടെത്തിയെങ്കിൽ മാത്രമേ കേരളത്തിൽ കോൺഗ്രസിന് ഇനി നിലനിൽപ്പുള്ളൂവെന്നും വയലാർ രവി പറഞ്ഞു.
വയലാർ ദേവകീകൃഷ്ണ ഭവനിൽ നടന്ന ചടങ്ങിൽ സമ്മോഹനം ചെയർമാൻ അഡ്വ.വിതുര ശശി, ജനറൽ കൺവീനർ പീരപ്പൻകോട് സുഭാഷ് എന്നിവർ ചേർന്നു അവാർഡ് സമ്മാനിച്ചു. തെന്നൂർ നസിം, വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ.അജയൻ, സജീവ് മേലതിൽ, ഇ.എ.ഹക്കിം എന്നിവർ പങ്കെടുത്തു.