 
ആലപ്പുഴ : നാടാകെ പൂകൃഷി വ്യാപകമാക്കിയിട്ടും, ഉത്രാടപ്പാച്ചിലിൽ ഏറ്റവും ഡിമാൻഡുള്ള വിഭവങ്ങളിലൊന്ന് അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കളായിരുന്നു. കിലോയ്ക്ക് 400 രൂപവരെയെത്തിയ ബന്തി പൂക്കളായിരുന്നു ഇന്നലെ തെരുവുകളിലെ താരം. ഓറഞ്ച്, മഞ്ഞ നിറങ്ങളിലെ ബന്തിയും കും വാടാമുല്ല, റോസാപ്പൂവ് എന്നിവയുമടങ്ങിയ കിറ്റ് ഇരുന്നൂറ് രൂപ നിരക്കിലാണ് ഇന്നലെ മുല്ലയ്ക്കൽ തെരുവിൽ വിറ്റഴിച്ചത്. കഴിഞ്ഞ ദിവസം വരെ മുഴത്തിന് 80 രൂപയായിരുന്ന മുല്ലപ്പൂവിനാകട്ടെ ഒറ്റദിവസം കൊണ്ട് വില നൂറ്റമ്പതിലെത്തി.
കൊവിഡിനു ശേഷമുള്ള ഓണാഘോഷത്തിന്റെ തിരിച്ചുവരവ് പതിവിൽക്കവിഞ്ഞ ആവേശമാണ് നാട്ടിലും വിപണിയിലും പകർന്നത്.
പൂ കൃഷി വിജയം
ഏത് കൃഷി നടത്തിയാലുംഅൽപ്പമെങ്കിലും മിച്ചം വരുന്നതും, വിൽക്കപ്പെടാതെ നഷിച്ചുപോകുന്നതും കർഷകരുടെ നിത്യ അനുഭവമാണ്. എന്നാൽ പൂ കൃഷി നടത്തിയ കർഷകർക്ക് ഇത്തവണ മറിച്ചാണ് അഭിപ്രായം. തോട്ടങ്ങളിലെ പൂക്കൾ മുഴുവൻ വിറ്റഴിക്കപ്പെട്ടു. അതും ചോദിച്ച വിലയ്ക്ക്. മുൻ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പൂക്കൾക്ക് പൊതുവേ വില ഇരട്ടിയോളം ഉയർന്നിരുന്നു. വില എത്ര വർദ്ധിപ്പിച്ചാലും, വാങ്ങാൻ ആളുണ്ടെന്നത് കർഷകർക്കും ആശ്വാസമായി. കൊവിഡ് കാലം പിന്നിട്ടുള്ള ഓണം കാമ്പസുകളിലും, സ്ഥാപനങ്ങളിലുമടക്കം കെങ്കേമമാക്കിയതും, വ്യാപകമായി പൂക്കളമൊരുക്കൽ മത്സരങ്ങൾ അരങ്ങേറിയതുമാണ് ഇത്തവണ പൂ വിപണി ഉഷാറാകാനുള്ള പ്രധാന കാരണം.
പൂക്കൾ മുഴുവനായി വിറ്റ് തീർന്നു. സഹകരിച്ച എല്ലാവർക്കും നന്ദി. വെള്ളരി പോലും വിൽക്കപ്പെടാൻ കാലതാമസം നേരിട്ട ഘട്ടത്തിലാണ് ഞൊടിയിടയിൽ പൂക്കൾ വിറ്റുപോയത്
- സുജിത് സ്വാമിനികർത്തിൽ, യുവ കർഷകൻ, കഞ്ഞിക്കുഴി