ആലപ്പുഴ: നഗരസഭയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഗാതിരുവാതിരയും, വനിതകളുടെ വടംവലി മത്സരവും സംഘടിപ്പിച്ചു. ആലപ്പുഴ ടൗൺഹാളിൽ അരങ്ങേറിയ തിരുവാതിര മത്സരത്തിൽ 52 വാർഡുകളിൽ നിന്നുള്ള എ.ഡി.എസ് അംഗങ്ങളായ 300 പേരാണ് പങ്കെടുത്തത്. കവി വയലാർ ശരത്ചന്ദ്ര വർമ്മയാണ് ആലപ്പുഴ നഗരസഭക്കായി തിരുവാതിര ഗാനം രചിച്ചത്. ഒരാഴ്ചയോളം എ.ഡി.എസ് അംഗങ്ങൾക്ക് തിരുവാതിര പരിശീലനവും ഒരുക്കിയിരുന്നു. ചലച്ചിത്രതാരം ഉഷയാണ് കോറിയോഗ്രാഫി നിർവ്വഹിച്ചത്.
തിരുവാതിരക്കുശേഷം കൗൺസിലർ എ.എസ് കവിതയുടെയും, ഹെലൻ ഫെർണാണ്ടസിന്റെയും ക്യാപ്റ്റൻസിയിൽ വടംവലി മത്സരവും നടന്നു.
കേരളപ്പിറവി ദിനത്തിൽ കൂടുതൽ പേർക്ക് പരിശീലനം നൽകി ആയിരക്കണക്കിന് എ.ഡി.എസ്, ഹരിതകർമ്മസേന, ആശാവർക്കർ മാരെ അണിനിരത്തി മെഗാ തിരുവാതിര അവതരിപ്പിക്കാനാവുമെന്ന് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, തിരുവാതിര കമ്മറ്റി ഭാരവാഹികളായ എ.എസ് കവിത, സജേഷ് ചക്കുപറമ്പ്, പ്രഭ ശശികുമാർ എന്നിവർ അറിയിച്ചു.