ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യ സ്വാമികളുടെയും ആദ്ധ്യാത്മിക ദർശനങ്ങൾ മാനവസമൂഹം ഏറ്റെടുത്താൽ ലോകത്തെ അശാന്തി ഇല്ലാതാക്കി സമാധാനവും ശാന്തിയും നിലനിറുത്താനാവുമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യ സ്വാമികളുടെയും നി​ലവി​ലെ പ്രതിഷ്ഠകൾ മാറ്റി​ സ്ഥാപിച്ച പഞ്ചലോഹ പ്രതിഷ്ഠകളുടെ സമർപ്പണത്തിന് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.

ഗുരുവിന്റെയും ശങ്കരാചാര്യരുടെയും ദർശനങ്ങൾ രണ്ടല്ല. അദ്വൈതമാണ് ഇരുവരും നമ്മെ പഠിപ്പിക്കുന്നത്. യുവതലമുറയെ ആത്മീയ ദർശനങ്ങളും വേദങ്ങളും മന്ത്രങ്ങളും പഠിപ്പിക്കാൻ ക്ഷേത്രങ്ങളോട് ചേർന്ന് സങ്കേതങ്ങൾ ഉണ്ടാവണം. വേദങ്ങളും ഉപനിഷത്തുകളും ശരിയായ അർത്ഥം മനസിലാക്കി പഠിക്കണമെങ്കിൽ സംസ്കൃതം പഠിക്കണം. ഭാരതത്തിന്റെ സംസ്കാരം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ വേദങ്ങളും ഉപനിഷിത്തുകളും പഠിക്കേണ്ടതുണ്ട്. ഹിന്ദുക്കൾ ഇക്കാര്യത്തിൽ പിന്നിലാണ്. മറ്റ് സമുദായങ്ങൾ ആഴ്ചയിൽ ഒരുദിവസം അവരുടെ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. അമേരിക്കയി​ലുൾപ്പെടെ ഗീതയും രാമായണവും കുട്ടികളെ പഠിപ്പിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യ സ്വാമികളുടെയും പാദസ്പർശമേറ്റതിനാൽ ആദ്ധ്യാത്മികത തൊട്ടറി​ഞ്ഞ മണ്ണാണ് കിടങ്ങാംപറമ്പെന്നും പ്രീതി നടേശൻ പറഞ്ഞു.

പ്രതിഷ്ഠാ കർമ്മത്തി​ന് ക്ഷേത്രം തന്ത്രി പുതമന എസ്.ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹി​ച്ചു. പ്രീതി നടേശന് ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ ഉപഹാരം നൽകി​. ബോർഡ് അംഗം സവിത സജീവ് ഷാൾ അണിയിച്ചു. ഷാജി കളരിക്കലിനെ എസ്.എൻ.ഡി​.പി​ യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രമാനന്ദൻ ഷാൾ അണിയിച്ചു. പ്രസിഡന്റ് പി.ഹരിദാസ് ഉപഹാരം നൽകി. സമർപ്പണ സമ്മേളനത്തിൽ കെ.എസ്.ഷാജി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.ഹരിദാസ്, കെ.എൻ.പ്രേമാനന്ദൻ, സതീഷ് ആലപ്പുഴ, ബോർഡ് അംഗം സവിത സജീവ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.ബി.രാജീവ് സ്വാഗതവും എക്‌സിക്യുട്ടീവ് അംഗം എം.കെ.വിനോദ് ശ്രീപാർവതി നന്ദിയും പറഞ്ഞു.