t
t

ആലപ്പുഴ: വിവിധ ലാബുകളിൽ ഒരേ പരിശോധനയ്ക്ക് വ്യത്യസ്ത ഫലം ലഭിക്കുന്നത് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനൊപ്പം അനാവശ്യ ചികിത്സകളിലേക്ക് ജനത്തെ തള്ളിവിടുന്നു. പല തവണ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാബുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് ഫലം പരിശോധിക്കുമ്പോൾ ഡോക്ടർമാരുൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രക്തപരിശോധന ദുരനുഭവമായി മാറിയത്.

# യുവാവിന്റെ വാക്കുകൾ

കഴിഞ്ഞദിവസം എന്റെ രക്തം പരിശോധനയ്ക്കായി ഹരിപ്പാട് ആസ്ഥാനമായ ലാബിൽ നൽകിയിരുന്നു. മൂന്ന്, നാല് ടെസ്റ്റുകൾക്ക് ഏകദേശം 900 രൂപയോളം വാങ്ങി. അവർ തന്ന റിസൾട്ട് പ്രകാരം ഞാൻ ലിവർ സിറോസിസ് രോഗിയാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ അഡ്മിറ്റാകാനാണ് റിസൾട്ട് കണ്ട ഡോക്ടർ നിർദ്ദേശിച്ചത്. റിസൾട്ടിൽ സംശയം തോന്നിയതിനാലാണ് കോട്ടയത്തുള്ള മറ്റൊരു ലബോറട്ടറിയിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ലിവർ സിറോസിസോ, മറ്റെന്തെങ്കിലും രോഗങ്ങളോ ഉള്ളതായി അവസാനത്തെ പരിശോധനാ ഫലത്തിലില്ല. ആദ്യം കിട്ടിയ റിസൾട്ട് പ്രകാരം ഞാൻ ചികിത്സ ആരംഭിച്ച് മരുന്നുകൾ കഴിച്ചു തുടങ്ങിയിരുന്നെങ്കിൽ, എന്താകുമായിരുന്നു അവസ്ഥ. ഹരിപ്പാട്ട് 900 രൂപ ഈടാക്കിയ പരിശോധനയ്ക്ക് കോട്ടയത്ത് ചെലവായത് 650 രൂപയാണ്. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

# പരിശോധനകൾ അനിവാര്യം

ലാബുകളുടെ ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകേണ്ടതുണ്ട്. രക്ത പരിശോധനയിൽ എയ്ഡസുണ്ടെന്ന് തെറ്റായ പരിശോധനാ റിപ്പോർട്ട് മൂന്ന് വർഷം മുമ്പ് പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു. രോഗികൾ സാധാരണയായി ഒരേ പരിശോധന ഒന്നിലധികം ലാബുകളിൽ നടത്താറില്ല. അതുകൊണ്ടു തന്നെ, ലഭിക്കുന്ന ഫലം ശരിയാണോ തെറ്റാണോയെന്ന് തിരിച്ചറിയപ്പെടാറുമില്ല. റിസൾട്ടുമായി ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യുന്നതാണ് 95 ശതമാനം പേരുടെയും പതിവ്.

# കുറിപ്പിലാണ് മാസപ്പടി

വീടുകളിൽ പരിശോധനയ്ക്കെത്തുന്ന രോഗികളെട നിശ്ചിത ലാബിലേക്ക് മാത്രം പറഞ്ഞയയ്ക്കുന്ന ഡോക്ടർമാരുണ്ട്. സ്വകാര്യ ലാബുകളും ഡോക്ടർമാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമാണ് പരിശോധന ഒരിടത്തു മാത്രം കേന്ദ്രീകരിക്കുന്നത്. രോഗികളെ എത്തിക്കാൻ ഡോക്ടർമാർക്ക് മാസപ്പടിയുണ്ടെന്നാണ് ആക്ഷേപം. മറ്റ് ലാബുകളിലെ പരിശോധനാഫലം ഈ ഡോക്ടർമാർ സ്വീകരിക്കില്ല.

രക്തപരിശോധന ഫലത്തിൽ അത്രയ്ക്ക് സംശയം തോന്നിയതിനാലാണ് യുവാവ് മറ്റൊരു ലാബിൽ വീണ്ടും പരിശോധന നടത്തിയത്. ഇത് എല്ലാവരും ചെയ്യണമെന്നില്ല. സാധാരണക്കാർ, താൻ രോഗിയാണെന്ന ധാരണയിൽ ചികിത്സ ആരംഭിക്കും. അതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലാബുകൾ കേന്ദ്രീകരിച്ച് സ്ഥിരമായ പരിശോധനാ സംവിധാനം വേണം

സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ