 
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ഇന്ന് നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിക്കും. എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ കേന്ദ്രീകരിച്ചും ചിലയിടങ്ങളിൽ ശാഖകളിലുമാണ് ആഘോഷം.
# അമ്പലപ്പുഴ
ഘോഷയാത്ര, സാംസ്‌കാരിക, സാമുദായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനം തുടങ്ങിയവയാണ് ചതയ ദിനാഘോഷത്തിന്റെ ഭാഗമായുള്ളത്. ഇന്ന് വൈകിട്ട് 3.30ന് എ.എൻ പുരം ക്ഷേത്രമൈതാനത്ത് (ആനവാതിൽ) നിന്ന് പതിനായിരങ്ങൾ അണിനിരക്കുന്ന ജയന്തി മഹാഘോഷയാത്ര ആരംഭിക്കും. ഇരുമ്പുപാലം, സീറോ ജംഗ്ഷൻ, മുല്ലയ്‌ക്കൽ വഴി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് സമാപിക്കും. അഞ്ചിന് ജയന്തിസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. രമേശ് ചെന്നിത്തല എം.എൽ.എ ചതയദിന സന്ദേശം നൽകും. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് സമ്മാനദാനം നിർവഹിക്കും. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജഞൻ, എച്ച്.സലാം, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ പ്രേംജി, അഡ്വ. കെ.വൈ.സുധീന്ദ്രൻ, അഡ്വ. ജയൻ സി.ദാസ്, നഗരസഭ കൗൺസിലർമാരായ കെ.ബാബു, ആർ.വിനീത തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറയും.
# കായംകുളം ആയിരങ്ങൾ പങ്കെടുക്കുന്ന വർണോജ്ജ്വല ഘോഷയാത്രയോടെ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. നാടും നഗരവുമെല്ലാം പീതവർണ്ണത്തിൽ ലയിച്ചു കഴിഞ്ഞു. യൂണിയനിലെ 51 ശാഖകളുടെ പങ്കാളിത്തത്തോടെ പതിനായിരത്തോളം ഗുരുദേവ വിശ്വാസികൾ ഘോഷയാത്രയുടെ ഭാഗമാകും. ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം, ഗുരുദേവന്റെ ജീവിതം ആവിഷ്കരിച്ചിരിക്കുന്ന നിശ്ചലദൃശ്യങ്ങൾ, പഞ്ചവാദ്യം അമ്മൻകുടം, തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി, പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയിൽ അണിചേരും. വൈകിട്ട് 4ന് ഗേൾസ് ഹൈസ്കൂളിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പട്ടണം ചുറ്റി പാർക്ക് മൈതാനിയിൽ സമാപിക്കും. സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ ജയന്തി ദിന സന്ദേശം നൽകും. യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് മെമ്പർമാരായ അഡ്വ. എസ്.ധനപാലൻ, എ.പ്രവീൺകുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, വിഷ്ണു പ്രസാദ്, മുമ്പേൽ ബാബു, ജെ.സജിത് കുമാർ, സംഘം രവി, എൻ. ദേവദാസ്, പി.എസ്.ബേബി, എൻ. സദാനന്ദൻ, വനിതാ സംഘം പ്രസിഡൻറ് സുഷമ, സെക്രട്ടറി ഭാസുര മോഹനൻ എന്നിവർ സംസാരിക്കും. # ചേർത്തല എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷങ്ങൾ യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്താങ്കണത്തിൽ നടക്കും. വൈകിട്ട് 3.30ന് പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നിന്നു ജയന്തി ഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. 5.30ന് യൂണിയൻ മൈതാനിയിൽ നടക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി.മന്മഥൻ അദ്ധ്യക്ഷത വഹിക്കും.ഭീകര വിരുദ്ധ സേന ഐ.ജി പി.വിജയൻ മുഖ്യപ്രഭാഷണം നടത്തും. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് ജയന്തിദിന സന്ദേശം നൽകും. പ്രതിഭകളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ നിർവഹിക്കും. മംഗല്യ നിധി നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വിതരണം ചെയ്യും.യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതവും യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ജെ.പി.വിനോദ് നന്ദിയും പറയും. # കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 3ന് മാരാരിക്കുളം കളിത്തട്ടിന് സമീപത്ത് നിന്നു ഘോഷയാത്ര ആരംഭിക്കും. യൂണിയനിലെ മുഴുവൻ ശാഖകളിലും ജയന്തിയുടെ വിളംബരം അറിയിച്ചു കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചവാദ്യം,നാടൻ കലാരൂപങ്ങൾ,നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വൈകിട്ട് നാലിന് എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാസമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും വിവിധ മേലകളിൽ പ്രതിഭ തെളിയിച്ചവരേയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ആദരിക്കലും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് മോളി ഭദ്രസേനൻ എന്നിവർ സംസാരിക്കും.യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ടി.രമേശ് അടിമാലി ഗുരുദേവ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ. ബാബു സ്വാഗതവും യൂണിയൻ കൗൺസിലർ സിബി നടേശ് നന്ദിയും പറയും. പന്തളം യൂണിയനിലെ ജയന്തി ആഘോഷത്തിന് ഇന്ന് രാവിലെ 8 ന് യൂണിയൻ അങ്കണത്തിൽ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ ജയന്തി ദിന സന്ദേശം നൽകും. യൂണിയൻ കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യൂണിയനിലെ 31 ശാഖാ യോഗങ്ങളിലും വിപുലമായ ജയന്തി ആഘോഷമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുക്ഷേത്രങ്ങളിൽ രാവിലെ ഗുരു സുപ്രഭാതത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങുകൾ സമൂഹ പ്രാർത്ഥന, പീത പതാക ഉയർത്തൽ, ഗുരു ഭാഗവത പാരായണം, അന്നദാനം മഹാസമ്മേളനങ്ങൾ, ജയന്തി ദിന ഘോഷയാത്ര, ദീപാരാധന, പ്രസാദവിതരണം, ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ആദരവ്, അവാർഡ് ദാനം തുടങ്ങിയ ചടങ്ങുകൾ നടത്തും. എല്ലാ ശാഖാ യോഗങ്ങളിലും പീതപതാക ഉയർത്തി.. ആഘോഷങ്ങൾ വിജയിപ്പിക്കാൻ ശാഖപ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ വിപുലമായ സമ്മേളനം യൂണിയൻ ഓഫീസിൽ നടന്നു. പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ചേപ്പാട് ചേപ്പാട് യൂണിയനിൽ ജയന്തി ആഘോഷം ശാഖാതലത്തിൽ നടക്കും. യൂണിയൻതല ഉദ്ഘാടനം 263-ാം നമ്പർ ചിങ്ങോലി ശാഖയിലാണ്. രാവിലെ 6 മുതൽ ആചാര്യൻ വിശ്വപ്രകാശം എസ്. വിജയാനന്ദിന്റെ നേൃതൃത്വത്തിൽ ശാന്തിഹവന യജ്ഞം നടക്കും. ഭാഗവതപാരായണം, പ്രതിഭകളെ ആദരിക്കൽ, അന്നദാനം, ഘോഷയാത്ര, ദീപക്കാഴ്ച, മഹാഗുരുപൂജ എന്നിവയുമുണ്ട്. ശാഖ പ്രസിഡന്റ് പി. സുകുമാരൻ പതാകഉയർത്തും. 8.30ന് ഗുരുജയന്തി ദിന സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്യും. പി. സുകുമാരൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ. അശോകൻ പ്രതിഭകളെ ആദരിക്കും. വൈസ് പ്രസിഡന്റ് ഡി. കാശിനാഥൻ ഗുരുജയന്തി സന്ദേശം നൽകും. ചിങ്ങോലി ദേവദാസിനെ ടി.കെ.ദേവകുമാർ ആദരിക്കും. എം.കെ.ശ്രീനിവാസൻ കാഷ് അവാർഡ് വിതരണവും ഡി. ധർമ്മരാജൻ പഠനോപകരണ വിതരണവും നിർവഹിക്കും. പി.എൻ.അനിൽകുമാർ ബോധവത്കരണ ക്ലാസ് നയിക്കും. അഡ്വ.യു.ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, ലേഖ എന്നിവർ സംസാരിക്കും. എച്ച്. സുരേഷ് കുമാർ സ്വാഗതവും എം.സുഗതൻ നന്ദിയും പറയും. കാർത്തികപ്പള്ളി എസ്.എൻ.ഡി.പി.യോഗം കാർത്തികപ്പള്ളി യൂണിയനിലെ 64 ശാഖകൾ കേന്ദ്രീകരിച്ച് ജയന്തി ആഘോഷം നടക്കും. രാവിലെ ഗുരുപൂജ, പതാക ഉയർത്തൽ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപ്രസാദ വിതരണം, ഘോഷയാത്രകൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികൾ ശാഖകളിൽ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ്‌ചന്ദ്രൻ എന്നിവർ അറിയിച്ചു.