
ആലപ്പുഴ: തുമ്പോളിയിൽ കടൽത്തീരത്തോട് ചേർന്ന് കാടുപിടിച്ചു കിടന്ന പൊന്തക്കാട്ടിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആക്രി സാധനങ്ങൾ പെറുക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളിയാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, കുട്ടിയുടെ അമ്മയെന്ന് സംശയിക്കപ്പെടുന്ന യുവതിയെ അമിതരക്തസ്രാവത്തെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഗർഭിണിയായിരുന്നുവോയെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി പൊലീസിനോട് റിപ്പോർട്ട് തേടി.