 
ആലപ്പുഴ: ലോക പേവിഷ ദിനമായ സെപ്റ്റംബർ 28 ന്റെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
പേവിഷ പ്രതിരോധ കുത്തിവെപ്പ്, ലൈസൻസിംഗ് എന്നിവയുടെ ആവശ്യകത വ്യക്തമാക്കി 18ന് അരുമമൃഗങ്ങളുമായുള്ള ബീച്ച് റൺ നടത്തും.
താലൂക്ക് തലത്തിലും ജില്ലാതലത്തിലും സ്‌കൂൾ കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസുകൾ, ജില്ലാ തല ക്വിസ് മത്സരം, പോസ്റ്റർ ഡിസൈൻ മത്സരം, തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എന്നിവ നടത്തും. ബീച്ച് റണ്ണിൽ പങ്കെടുക്കാൻ 250 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. റണ്ണിൽ പങ്കെടുക്കുന്നവർക്ക് ടീഷർട്ട്, മെഡൽ, പ്രഭാത ഭക്ഷണം എന്നിവ നൽകും. 2 കി.മീറ്റർ 5 കി.മീറ്റർ 10 കി.മീറ്റർ എന്നീ ദൂരപരിധിയിലാണ് റൺ സംഘടിപ്പിച്ചിട്ടുള്ളത്. ദീർഘ ദൂരം ഓടാൻ ബുദ്ധിമുട്ടുള്ളവർക്ക് നടന്നും പരിപാടിയിൽ പങ്കെടുക്കാം. താത്പ്പര്യം ഉള്ളവർ https://raksha.shadesindia.in എന്ന ലിങ്കിൽ 15ന് മുമ്പ് രജിസ്റ്റർ ചെയ്യണം.