kappal
പടക്കപ്പൽ (ഫയൽ ചിത്രം)

ആലപ്പുഴ: ആലപ്പുഴ ബീച്ചിലേക്ക് കൊട്ടും കുരവയുമായി എത്തിച്ച, നാവിക സേനയുടെ പടക്കപ്പൽ 'ഇൻഫാക്ട് ടി 81' കടൽത്തീരത്ത് വിശ്രമം ആരംഭിച്ചിട്ട് അടുത്ത മാസം ഒരു വർഷം പൂർത്തിയാകും. ബീച്ചിലെത്തുന്നവർക്ക് സെൽഫി എടുക്കാനൊരു പശ്ചാത്തലമെന്നതിനപ്പുറം നോക്കുകുത്തിയായി കിടക്കുകയാണ് പടക്കപ്പൽ. ആദ്യമൊക്കെ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് ആളുകളാണ് കപ്പൽ കാണാനായി എത്തിയിരുന്നത്. ഒരു വർഷം പിന്നിടുന്ന വേളയിലും കപ്പൽ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയിട്ടില്ല.

കപ്പലിന്റെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള റാംപ്, പുറം മോടി കൂട്ടാൻ പെയിന്റിംഗ്, കൊണ്ടുവരുമ്പോൾ ഭാരം കുറയ്ക്കാനായി അഴിച്ചു മാറ്റിയവ തിരികെ പിടിപ്പിക്കൽ തുടങ്ങിയവ ഉദ്ഘാടനത്തിനോടനുബന്ധിച്ച് പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. 24 മണിക്കൂർ സെക്യൂരിറ്റിയും അറ്റകുറ്റപ്പണികളുടെ ചെലവും വരുന്നതിനാൽ ഭാവിയിൽ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്താനും സംഘാടകരായ മുസിരീസ് പൈതൃക പദ്ധതിയുടെ അധികൃതർക്ക് ആലോചനയുണ്ടായിരുന്നു.

# മാരിടൈം മ്യൂസിയം, മലപ്പുറം കത്തി!

നിലവിൽ കപ്പൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമും പരിസരവും ഉൾപ്പെടുത്തി മാരിടൈം മ്യൂസിയം ഒരുക്കാനുള്ള രൂപരേഖ തയ്യാറാകുന്നുണ്ടെന്ന പല്ലവി കേട്ടു തുടങ്ങിയിട്ട് നാളേറെയായി. ടിക്കറ്റ് ബൂത്തിൽ നിന്ന് കപ്പലിലേക്ക് കയറാൻ റാംപ്, ചുറ്റുമതിൽ, ലാൻഡ്‌സ്‌കേപ്പ്, ഫുഡ് കോർട്ട് തുടങ്ങിയവ ഉൾപ്പെട്ടതാണ് ഡിസൈൻ. തീരത്ത് മണ്ണൊലിപ്പ് തടയാൻ കപ്പലിനും കടലിനും ഇടയിലുള്ള ഭാഗത്ത് ചെടികൾ നട്ടുപിടിപ്പിക്കുമെന്ന് പറഞ്ഞതല്ലാതെ പച്ചപ്പിന്റെ യാതൊരു അടയാളവുമില്ല.

# ഒരൊന്നൊന്നര വരവ്

മുംബയിൽ നിന്ന് യാത്ര തുടങ്ങിയ പടക്കപ്പൽ കൊച്ചിയിൽ നിന്ന് കായൽ മാർഗം തണ്ണീർമുക്കത്തേക്ക്. അവിടെ നിന്ന് 96 ചക്രമുള്ള പുള്ളറിൽ ആലപ്പുഴ ബീച്ചിലേക്ക്. കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ 60 ടൺ ഭാരമുള്ള കപ്പൽ ബൈപ്പാസിൽ നിന്ന് തീരത്തേക്ക് ഇറക്കി. തീരം തൊട്ട പടക്കപ്പലിനെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുമാണ് പട്ടണം വരവേറ്റത്. കടൽപ്പാലത്തിന് സമീപമുള്ള പ്ലാറ്റ്ഫോമിൽ സ്ഥാപിക്കപ്പെടുമ്പോൾ, ഇനിയാരും തിരിഞ്ഞുനോക്കാനുണ്ടാവില്ലെന്ന് പടക്കപ്പലും കരുതിയിട്ടുണ്ടാവില്ല!

കപ്പൽ തീരത്തെത്തിക്കുമ്പോൾ, വലിയ മാറ്റമാണ് പ്രതീക്ഷിച്ചത്. എന്നാലിന്ന് വെളിച്ചം പോലുമില്ലാതെ അനാഥമായി കിടക്കുകയാണ്. ആദ്യത്തെ കൗതുകത്തിനപ്പുറം ജനങ്ങൾ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥ. എത്രയും വേഗം നവീകരണത്തിനുള്ള നടപടികളുണ്ടാവണം

സലിം, പൊതുപ്രവർത്തകൻ