 
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച ഘോഷയാത്ര ആലപ്പുഴ നഗരത്തെ മഞ്ഞക്കടലാക്കി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പതിനായിരക്കണക്കിന് ശ്രീനാരായണീയർ അണിനിരന്നതോടെ നഗരവീഥികൾ മണിക്കൂറുകളോളം നിശ്ചലമായി.
യൂണിയൻ ഭാരവാഹികളുടെയും പോഷക സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ 65 ശാഖയോഗങ്ങളിലെ പ്രവർത്തകർ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരീസംഘം പ്രവർത്തകർ, എംപ്‌ളോയീസ് ഫോറം, കുടുംബയൂണിറ്റ് പ്രവർത്തകർ തുടങ്ങിയവർ അണിനിരന്ന മഹാജയന്തി ഘോഷയാത്ര ആലപ്പുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ മഞ്ഞപുതപ്പിച്ചു. അഞ്ചു വർഷത്തിന് ശേഷം നഗരം കേന്ദ്രീകരിച്ച് നടക്കുന്ന ഘോഷയാത്രയെന്ന പ്രത്യേകതയുമുണ്ട്. വൈകിട്ട് എ.എൻ പുരം ക്ഷേത്രമൈതാനത്ത് (ആനവാതിൽ) നിന്ന് ആരംഭിച്ച ജയന്തി മഹാഘോഷയാത്ര ഇരുമ്പുപാലം, സീറോ ജംഗ്ഷൻ, മുല്ലയ്ക്കൽ വഴി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് സമാപിച്ചു. തുടർന്ന് ജയന്തി മഹാസമ്മേളനവും നടന്നു. ഘോഷയാത്രയുടെ മുന്നിൽ ബാൻഡ് സെറ്റും തൊട്ടുപിന്നിലായി കമനീയമായി അലങ്കരിച്ച രഥത്തിൽ ചൈതന്യപൂർണമായ ഗുരുവിഗ്രഹവും നീങ്ങി. പിന്നിലായി സ്വാഗതസംഘം ഭാരവാഹികളായ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് സെക്രട്ടറി കെ.എൻ.പ്രമാനന്ദൻ, രക്ഷാധികാരികളായ സബിൽരാജ്, ഷാജി കളരിക്കൽ തുടങ്ങിയവർ അണിനിരന്നു.
തുടക്കത്തിൽ മഴ ഭീഷണിയായെങ്കിലും ഘോഷയാത്രയുടെ ആവേശത്തിന് കുറവൊന്നുമുണ്ടായില്ല. ഘോഷയാത്ര കടന്നുപോയ പാതകളുടെ ഇരുവശത്തും ജനങ്ങൾ തടിച്ചുകൂടി. കൊടിതോരണങ്ങൾ കൊണ്ട് നഗരം നിറഞ്ഞു. യൂണിയൻ അതിത്തിയിലെ ഗുരക്ഷേത്രങ്ങളിൽ ശാന്തിഹവനം, മധുര വിതരണം, ഗുരുദേവ കൃതികളുടെ പാരായണം, ഭവനങ്ങളിൽ പ്രാർത്ഥന തുടങ്ങിയവ നടന്നു.
ആഘോഷകമ്മിറ്റി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ പി.ഹരിദാസ്, ജനറൽ കൺവീനർ കെ.എൻ.പ്രേമാനന്ദൻ, വൈസ് ചെയർമാൻ ബി. രഘുനാഥ്, രക്ഷാധികാരികളായ സബിൽരാജ്, ഷാജി കളരിക്കൽ, അഡ്വ. കെ.വൈ.സുധീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, കൗൺസിർമാരായ എം.രാജേഷ്, പി.ബി.രാജീവ്, കെ.പി.ബൈജു, ജി.രാജേഷ്, വി.ആർ.വിദ്യാധരൻ, കെ.ഭാസി,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ദിനേശൻ ഭാവന, പി.വി.രമേശ്, എൽ.ഷാജി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.വി.വേണഗോപാൽ, സെക്രട്ടറി രഞ്ജിത്ത്, വനിതാസംഘം പ്രസിഡന്റ് ഇന്ദു വിനോദ്, സെക്രട്ടറി ഗീതാരാംദാസ്, ജമിനി മണിയപ്പൻ, എംപ്ളോയീസ് ഫോറം പ്രസിഡന്റ് കെ.പി.കലേഷ്, സെക്രട്ടറി സാബു, പെൻഷൻഫോറം പ്രസിഡന്റ് ടി.ആർ.ആസാദ്, സെക്രട്ടറി ടി.കെ.ദിലീപ്കുമാർ, വൈദിക സമിതി പ്രസിഡന്റ് അനീഷ് ശാന്തി, സെക്രട്ടറി ഷൺമുഖൻ ശാന്തി, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ പി. രജേന്ദ്രൻ , കൺവീനർ എ.പി.പ്രസന്നൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.