photo
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ഘോഷയാത്ര

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ ചേർത്തല നഗരത്തിൽ നടത്തിയ ജയന്തി ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. പൊലീസ് സ്‌റ്റേഷൻ മൈതാനിയിൽ നിന്നായിരുന്നു തുടക്കം.

സമ്മേളന നടപടികൾ ആരംഭിക്കുന്നതിനിടയിലും മൈതാനത്തേക്ക് പ്രവാഹമായിരുന്നു. ഘോഷയാത്രയ്ക്ക് മുന്നിലായി മാവേലിയും പിന്നിലായി ഗുരുദേവ പ്രതിമ വഹിച്ചുള്ള രഥവും പഞ്ചവാദ്യവും അതിന് പിന്നിലായി വനിതകളും യുവാക്കളും ഉൾപ്പെടെയുള്ള പീതസേനയും അണിനിരന്നു. ഇതിന് പിന്നിലായി യൂണിയൻ നേതാക്കളും പ്രവർത്തകരും ബാനറിന് പിന്നിൽ അണിനിരന്നു. വാദ്യമേളങ്ങൾ,നാടൻ കലാരൂപങ്ങൾ,അമ്മൻകുടം,കാവടി,ശിങ്കാരിമേളം,നിശ്ചല ദൃശ്യങ്ങൾ,മയിലാട്ടം,തെയ്യം,ടാബ്ലോ,കഥകളി രൂപങ്ങൾ,തിരുവാതിര എന്നിവ ഘോഷയാത്രയിലെ വിസ്മയ കാഴ്ചകളായി. യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖകളും പ്രത്യേകം ബാനറിന് പിന്നിൽ അണിനിരന്നായിരുന്നു ഘോഷയാത്ര. എല്ലാ ശാഖകളിലും പ്രത്യേകം വാദ്യ മേളങ്ങളും ഉണ്ടായിരുന്നു.

ജാഥ നഗരംചുറ്റി സമ്മേളന നഗരിയിലെത്താൻ രണ്ടര മണിക്കൂറിലധികം വേണ്ടിവന്നു.യോഗം കൗൺസിലർ പി.ടി.മന്മഥൻ,അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി,വി.ശശികുമാർ,ഘോഷയാത്ര ക്യാപ്ടനും ശ്രീനാരായണ പെൻഷണേഴ്സ് ഫോറം ചെയർമാനുമായ പി.ഡി.ഗഗാറിൻ, ശ്രീകണ്ഠേശ്വരം സ്കൂൾ മാനേജർ കെ.എൽ.അശോകൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ജെ.പൊന്നൻ, ചേർത്തല യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.നടരാജൻ,വൈദിക യോഗം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി, യൂണിയൻ മുൻ കൗൺസിലർമാരായ ബിജുദാസ്, കെ.എം.മണിലാൽ,ഗിരിഷ് കുമാർ, പി.വിനോദ്, വി.എ.സിദ്ധാത്ഥൻ, പി.പി.ദിനദേവൻ,ടി.സത്യൻ,വനിതാസംഘം പ്രസിഡന്റ് റാണി ഷിബു, എംപ്ലോയീസ് ഫോറം ചെയർമാൻ ആർ.തേജസ്, ശ്രീനാരായണ ദർശന പഠന വിഭാഗം ചെയർമാൻ മനോജ് മാവുങ്കൽ, സൈബർ സേന കേന്ദ്രസമിതി കൺവീനർ ധന്യ സതീഷ്,അനിൽരാജ് പീതാംബരൻ എന്നിവർ നേതൃത്വം നൽകി.