 
ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ ഓളപ്പരപ്പിൽ കരിനയമ്പിൽ വിസ്മയം രചിച്ച് മണിക്കുട്ടൻ ക്യാപ്ടനായ വിയപുരം ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. കൈക്കരുത്തും മെയ്ക്കരുത്തും കരിനയമ്പിൽ ആവാഹിച്ച് ജലപ്പരപ്പിനെ യുദ്ധഭൂമിയാക്കി വള്ളപ്പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റെയും താളത്തിൽ തുഴഞ്ഞ വീയപുരം ചുണ്ടൻ തമ്പി തറക്കേരിൽ ക്യാപ്ടനായ പായിപ്പാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ട്രോഫിയിൽ മുത്തമിട്ടത്. മധു ക്യാപ്ടനായ ചെറുതന ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് മത്സരങ്ങളിൽ കരിച്ചാൽ ,വെള്ളം കുളങ്ങര എന്നീ ചുണ്ടനുകൾ യതാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് വള്ളങ്ങളിൽ അമ്പലക്കടവൻ ഒന്നാമതും പട്ടേരിപുരയ്ക്കൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മന്ത്രി പി.പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്തു .ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എം.എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ.അനന്തഗോപൻ വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു. ചലച്ചിത്ര താരം ബിനീഷ് ബാസ്റ്റിൻ സുവനീർ പ്രകാശനം ചെയ്തു. എ.എം.ആരിഫ് എം.പി പ്രഭാഷണം നടത്തി. ശ്രീകുമാർ ഉണ്ണിത്താൻ ജലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ആർ.ഡി.ഒ എസ്.സുമ, കാർത്തികപ്പള്ളി തഹസീൽദാർ പി.എസ് സജീവ് കുമാർ ,വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എ ഷാനവാസ്, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, കെ കാർത്തികേയൻ എന്നിവർ സംസാരിച്ചു.വിജയികൾക്ക് ആർ.കെ.കറുപ്പ് സമ്മാനദാനം നിർവ്വഹിച്ചു.