war
കരളകം വാർഡിൽ അമൃത് പദ്ധതി പ്രകാരം പൈപ്പ് ലൈനിൽ ലഭിക്കുന്ന മലിനജലം

ആലപ്പുഴ : അമൃത് പദ്ധതിയിലൂടെ സ്ഥാപിച്ച പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളം ഉപയോഗിക്കാൻ പറ്റാതായതോടെ നഗരസഭ കരളകം വാർ‌ഡിലെ വടികാട് ജംഗ്ഷൻ മുതൽ വളവഞ്ചിറ, ജനാർദ്ദന ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ. കലക്കവെള്ളമാണ് പൈപ്പിൽ നിന്ന് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

കുടിവെള്ളത്തിനായുള്ള നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രദേശത്ത് അമൃത് പദ്ധതിയിലൂടെ വെള്ളമെത്തിയത്. ഇതോടെയെങ്കിലും കുടിവെള്ളക്ഷാമത്തിനു പരിഹാരമാകുമെന്ന് ആശ്വസിച്ചപ്പോഴാകട്ടെ, കലക്കവെള്ളം വില്ലനായി മാറി.

ഉത്രാടം നാൾ മുതലാണ് മാലിന്യം കലർന്ന വെള്ളം ലഭിച്ചു തുടങ്ങിയത്.

വാർഡ് കൗൺസിലർ അമൃത് പദ്ധതിയുടെ കരാറുകാരെ ബന്ധപ്പെട്ടെങ്കിലും, പൈപ്പ് സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും ഭാഗത്ത് പൊട്ടലുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. നിരവധി തവണ ജല അതോറിട്ടിയിൽ പരാതിപ്പെട്ടിട്ടും, പരിശോധന നടത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

എന്തൊരു ഗതികേട് !

പൈപ്പ് ലൈനിൽ വെള്ളമെത്തിയിട്ടും, കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ടി വരുന്നത് ഗതികേടാണെന്ന് ജനങ്ങൾ പറയുന്നു. പാചകത്തിന് മാത്രമല്ല, കുളിക്കാനോ തുണി കഴുകാനോ പോലും പ്രയോജനപ്പെടാത്ത തരത്തിലുള്ള വെള്ളമാണ് ഇവിടെ കിട്ടുന്നത്.


കുറച്ചുനാളുകളായി പ്രദേശത്ത് കുടിവെള്ളം ലഭ്യമല്ലായിരുന്നു. ഇപ്പോൾ ടാപ്പുകളിൽ വെള്ളം വന്നു തുടങ്ങിയപ്പോഴാകട്ടെ മലിനജലമാണ് ലഭിക്കുന്നത്. ഇത് ജനങ്ങൾക്ക് മാരകമായ അസുഖങ്ങളുണ്ടാക്കുന്നതിന് വഴിയൊരുക്കും

- അമ്പിളി അരവിന്ദ്, കൗൺസിലർ, കരളകം വാർഡ്

മൂന്ന് മാസത്തോളം അമൃത് പൈപ്പ് ലൈൻ പൊട്ടിക്കിടന്ന് മലിനജലം കലരുന്ന സ്ഥിതിയുണ്ടായിരുന്നു. കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നില്പ് സമരം നടത്തിയതോടെ ആ പ്രശ്നത്തിന് പരിഹാരമായിരുന്നു. ഇപ്പോൾ ലൈനിൽ പൊട്ടലുണ്ടോയെന്ന് വ്യക്തമല്ല. പക്ഷേ ദിവസങ്ങളായി ലഭിക്കുന്നത് മാലിന്യം കലർന്ന ജലമാണ്

- പ്രദേശവാസികൾ