s

നിലവിലെ സെന്ററുകളുടെ പ്രവർത്തനം ഭാഗികം

ആലപ്പുഴ: കണിച്ചുകുളങ്ങര, മാവേലിക്കര എന്നിവിടങ്ങളിലെ തെരുവുനായ വന്ധ്യംകരണ സെന്ററുകളിൽ (എ.ബി.സി സെന്ററുകൾ) കേന്ദ്ര മാനദണ്ഡം അനുസരി​ച്ചുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പി​ന്റെ ഉത്തരവ് പ്രവർത്തനത്തെ ബാധി​ക്കുന്നു. ഇതനുസരി​ച്ച് ശീതീകരിച്ച ഓപ്പറേഷൻ തീയേറ്റർ, സി.സി.ടി.വി കാമറകൾ, സർജറിക്ക് ശേഷം സുരക്ഷിത വിശ്രമത്തിനുള്ള സൗകര്യം, സോറ്റർ, കിച്ചൺ, ഷെൽട്ടർ, 10 നായ്ക്കളുടെ ഓപ്പറേഷനു 50 കൂടുകൾ, ശസ്ത്രക്രി​യയ്ക്കു ശേഷമുള്ള മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാനുള്ള സൗകര്യങ്ങൾ എന്നി​വ ഒരുക്കണം. നിലവിൽ ഈ രണ്ടു സെന്ററുകളി​ലും ഇത്രയും സൗകര്യങ്ങളി​ല്ല.

2017ൽ തുടങ്ങിയ വന്ധ്യംകരണ പദ്ധതിക്കു വേണ്ടി​ അന്നത്തെ മാനദണ്ഡം അനുസരിച്ചാണ് സെന്റർ സ്ഥാപിച്ചത്. കഴി​ഞ്ഞ ജൂലായ് 27നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുതി​യ ഉത്തരവി​റക്കി​യത്. നിലവിൽ എ.ബി.സി സെന്ററുകളിൽ നായ്ക്കളെ വന്ധ്യംകരണം നടത്തി മൂന്ന് ദിവസം പരിചരിച്ച ശേഷം പൂർവ സ്ഥലത്ത് പിടുകയാണ് പതിവ്. ജി​ല്ലയി​ലെ രണ്ടു സെന്ററുകളും ഭാഗികമായാണ് പ്രവർത്തി​ക്കുന്നത്. ഇവി​ടത്തെ സൗകര്യങ്ങൾ കേന്ദ്ര മാനദണ്ഡപ്രകാരം വർദ്ധി​പ്പി​ക്കാൻ

ജില്ലാ പഞ്ചായത്ത് നടപടി​കൾ ആരംഭിച്ചു.

തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ട് ബ്‌ളോക്കിന് ഒരു എ.ബി.സി സെന്റർ എന്ന വി​ധം പുതിയവ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാതല ആനിമൽ ബർത്ത് കൺട്രോൾ സമിതി തീരുമാനി​ച്ചി​ട്ടുണ്ട്. പദ്ധതിയുടെ മേൽനോട്ടം ജില്ലാ പഞ്ചായത്തിനാണ്.

# ഫണ്ടാണ് വിഷയം

നി​ലവി​ൽ ഒരു സമയം ഒരു നായയെ മാത്രമേ വന്ധ്യംകരി​ക്കാനാവൂ. കൂടുതൽ നായ്ക്കളെ പിടിച്ചാലും പരിപാലിക്കാൻ സൗകര്യമില്ല. കൂടുതൽ സൗകര്യത്തോടെയുള്ള എ.ബി.സി സെന്ററുകൾക്ക് സ്ഥലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ കുറഞ്ഞത് 50 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും. ഇത്രയും തുക സർക്കാർ ഗ്രാന്റ്, തനത്ഫണ്ട് എന്നിവി​ടങ്ങളിൽ നിന്ന് കണ്ടെത്താനാണ് നിർദ്ദേശം. പക്ഷേ, സ്വന്തം ആവശ്യങ്ങൾക്കു പോലും ഫണ്ടി​ല്ലാതെ വലയുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.

# നായപിടിത്തത്തിലെ നിർദ്ദേശങ്ങൾ

1. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തിയേറ്റർ സഹായി, ശുചീകരണ സഹായി, നായപിടിത്തക്കാർ എന്നിവരടങ്ങുന്ന ബ്ളോക്ക് തല ടീം രൂപീകരിക്കണം

2. ഇവർക്ക് ആനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള കുന്നൂരിലെ സെന്ററിൽ അയച്ച് പരിശീലനം നൽകണം

3. നിയമന കാലാവധി ആറുമാസമായിരിക്കണം. നിയമാനുസൃതം കാലാവധി നീട്ടിക്കൊടുക്കാം. ഒരു നായയെ പിടിക്കാൻ 300 രൂപ ശമ്പളം. ഇത് പഞ്ചായത്ത് നൽകണം

4. ശമ്പളവും മരുന്നുൾപ്പെടെയുള്ള കാര്യങ്ങളും അതത് ത്രിതല ഭരണസമിതികളാണ് വഹിക്കേണ്ടത്

5. ഇവരെ നിരീക്ഷിക്കേണ്ട ചുമതല അതത് ബ്ളോക്ക് വെറ്ററിനറി സർജനാണ്

6. ഒരു നായയ്ക്ക് മരുന്ന് ഇനത്തിൽ 600ഉം ട്രാൻസ്പോർട്ടിംഗിന് 200ഉം ആഹാരത്തിന് 400ഉം രൂപ വീതം പഞ്ചായത്ത് നൽകണം

7. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുദിവസം പിന്നിടുമ്പോൾ പൂർണ്ണ ആരോഗ്യം ഉറപ്പാക്കി പഴയ സ്ഥാനത്ത് എത്തിക്കേണ്ടത് നായപിടിത്തക്കാർ തന്നെയാണ്