
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ കുടിവെള്ളവും പാക്കറ്റ് ജ്യൂസും കൊണ്ടുനടന്നു കച്ചവടം ചെയ്യുന്നയാളുടെ കാലുകളിൽ ബസിന്റെ മുൻചക്രം കയറിയിറങ്ങി. ലജനത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ അസ്ലം സുലൈമാനാണ് (54) പരിക്കേറ്റത്. ഇന്നലെ രാവിലെ 11.40നായിരുന്നു സംഭവം.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസ്, യാത്രക്കാർക്ക് കയറാനായി സ്റ്റാൻഡിൽ പിടിച്ചപ്പോൾ പിന്നിലേക്ക് മാറിയ അസ്ലം മലർന്നുവീഴുകയും കാലുകളിലൂടെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഇടത് കാലിനേറ്റ പരിക്ക് ഗുരുതരമാണ്. ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ച അസ്ലമിനെ വിദഗ്ദ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണമായത് റിസർവേഷൻ ബസായിരുന്നതിനാൽ യാത്ര തുടരാൻ അനുവദിച്ച പൊലീസ് ഇന്ന് രാവിലെ ഡ്രൈവറും കണ്ടക്ടറും ബസുമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി.