ആലപ്പുഴ: ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച ഉജ്ജ്വല ഘോഷയാത്ര സംഘടനയുടെ കരുത്തറിയിക്കുന്നതായി. വാദ്യമേളങ്ങൾ, ബാന്റ്‌മേളം, നാടൻ കലാരൂപങ്ങൾ, വർണ്ണക്കുടകൾ, എണ്ണമറ്റ പീതപതാകകൾ, മുത്തുക്കുട, വർണ്ണപ്പകിട്ടാർന്ന ബലൂണുകൾ, അമ്മൻകുടം, പഞ്ചാരിമേളം, പഞ്ചവാദ്യം, ആയോധനകല, പുലികളി, വേഷച്ചമയം, നാടൻകലാരൂപങ്ങൾ, തെയ്യം എന്നിവ ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമയേകി.

മഞ്ഞവസ്ത്രം ധരിച്ച് പീതപതാകകൾ കൈകളിലേന്തി ഗുരുദേവ കീർത്തനങ്ങൾ ഉരുവിട്ട് നഗരം നിറഞ്ഞൊഴുകിയ ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും യുവാക്കളുമെല്ലാം ഘോഷയാത്രയുടെ ഭാഗമായി. അഞ്ചു വർഷത്തിന് ശേഷം നഗരം കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നതോടെ നഗരപാതകൾ മണിക്കൂറുകളോളം നിശ്ചലമായി. വൈകിട്ട് എ.എൻ പുരം ക്ഷേത്രമൈതാനത്ത് (ആനവാതിൽ) നിന്ന് ആരംഭിച്ച ജയന്തി മഹാഘോഷയാത്ര ഇരുമ്പുപാലം, സീറോ ജംഗ്ഷൻ, മുല്ലയ്ക്കൽ വഴി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് സമാപിച്ചു. തുടർന്ന് ജയന്തിമഹാസമ്മേളനവും നടന്നു.

65 ശാഖായോഗങ്ങളിലെ പ്രവർത്തകർ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം പ്രവർത്തകർ, എംപ്‌ളോയീസ് ഫോറം, കുടുംബയൂണിറ്റ് പ്രവർത്തകർ തുടങ്ങിയവർ അണിനിരന്ന മഹാജയന്തി ഘോഷയാത്ര ആലപ്പുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ മഞ്ഞക്കടലാക്കി. ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ചെയർമാനും യൂണിയൻ പ്രസിഡന്റുമായ പി.ഹരിദാസ്, ജനറൽ കൺവീനർ കെ.എൻ.പ്രേമാനന്ദൻ, വൈസ് ചെയർമാൻ ബി. രഘുനാഥ്, രക്ഷാധികാരികളായ സബിൽരാജ്, ഷാജി കളരിക്കൽ, അഡ്വ. കെ.വൈ.സുധീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, കൗൺസിലർമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ നേതാക്കൾ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.