ആലപ്പുഴ: കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് തകഴിയിൽ അടിക്കടി പൊട്ടുന്നതിനാൽ തീരദേശ ഗ്രമമായ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷം.15,000 കുടുംബങ്ങൾക്കാണ് രണ്ടുമാസമായി കുടിവെള്ളമില്ലാത്തത്.
പരിഹാരമെന്നോണം നീർക്കുന്നം, കഞ്ഞിപ്പാടം, വിഴിത്തേരി എന്നീ പമ്പുകൾ പ്രവർത്തിപ്പിച്ചാൽ പഞ്ചായത്തിലെ 18 വാർഡുകളിലും കുടിവെള്ള വിതരണം തടസപ്പെടില്ല. നീർക്കുന്നത് പത്തുവാർഡുകളിൽ വെള്ളമെത്തിക്കാൻ കഴിയുന്ന രണ്ട് കുഴൽ കിണറുകളാണ് നിലവിലുള്ളത്. പത്ത് കുതിരശക്തിയുള്ള മോട്ടോർ കുഴൽ കിണറിൽ വീണിട്ട് മാസങ്ങളായി. അത് ഉയർത്തിയെടുക്കാൻ പഞ്ചായത്തും വാട്ടർ അതോറിട്ടിയും നടപടിയെടുത്തിട്ടില്ല. മറ്റൊരു കുഴൽകിണർ ഉപയോഗിക്കാതെ മലിനമായി കിടക്കുന്നു. കഞ്ഞിപ്പാടം, വിഴിത്തേരി പമ്പുകളുടെ പ്രവർത്തനം മാത്രമാണ് നിലവിലുള്ളത്.
നീർക്കുന്നത്തെ തകരാർ പരിഹരിക്കാൻ 40,000 രൂപ ചെലവഴിച്ചാൽ മതിയാകുമെന്നിരിക്കെ അതുമുണ്ടാകുന്നില്ല. തകഴിയിലെ പൈപ്പ് ലൈനിലുള്ള പൊട്ടലിനെ തുടർന്ന് പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങുക പതിവാണ്. വണ്ടാനം, മുക്കേൽ, മെഡിക്കൽ കോളേജിന് കിഴക്ക്, ഗുരുമന്ദിരം ഭാഗം എന്നിവിടങ്ങളിൽ കുടിവെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടമോടുന്ന അവസ്ഥയായി.
# ടാങ്കറെത്തുന്നത് പ്രധാന റോഡിൽ
വല്ലപ്പോഴും ടാങ്കർ ലോറികളിൽ വിവിധ വാർഡുകളിലെ പ്രധാന റോഡുകളിലാണ് സൗജന്യമായി കുടിവെള്ളം എത്തിക്കുന്നത്. ഇതിനാൽ ഉള്ളിലുള്ള കുടുംബങ്ങൾ വിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്. നിലവിലുള്ള കുഴൽ കിണറുകളിൽ നിന്ന് 24 മണിക്കൂറും പമ്പിംഗ് നടക്കുന്ന സമയത്ത് ഇത്രയും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിട്ടില്ല.
നിലവിലുള്ള കുഴൽക്കിണറിലെ തകരാർ പരിഹരിച്ച് പമ്പിംഗ് അടിയന്തിരമായി തുടങ്ങണം. ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ ചെലവഴിക്കുന്ന പണം വേണ്ട നിലവിലെ തകരാർ പരിഹരിക്കാൻ
ശിശുപാലൻ, സെക്രട്ടറി, ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി, അമ്പലപ്പുഴ
കുടിവെള്ള ക്ഷാമം മുതലെടുക്കാൻ ജില്ലയിൽ സ്വകാര്യ ആർ.ഒ പ്ലാന്റുകൾ സജീവമാണ്. സാധാരണക്കാരന് താങ്ങാനാകുന്ന വിലയല്ല ഇവർ ഈടാക്കുന്നത്. ഇതിന് പരിഹാരം കാണാൻ പഞ്ചായത്തും ജലഅതോറിട്ടിയും അടിയന്തരമായി ഇടപെടണം.
വി.പുഷ്കരൻ, പ്രദേശവാസി