adithyan
ആദിത്യൻ

മാന്നാർ: ആർപ്പുവിളികളും വായ്ക്കുരവകളും ആഹ്ലാദം നിറയ്ക്കേണ്ട ആറൻമുള്ള വള്ളംകളി ദിവസം ആർത്ത നാദങ്ങളും കണ്ണീരുമാണ് ചെന്നിത്തല ഗ്രാമത്തിൽ നിറഞ്ഞത്. നൊമ്പരങ്ങളും തേങ്ങലുകളും തളംകെട്ടി നിൽക്കെ പള്ളിയോടം അപകടത്തിൽ മരിച്ച മൂവർക്കും ഗ്രാമം വേദനയോടെ യാത്രാമൊഴി നൽകി.

അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവരുടെ വേർപാടിൽ ഗ്രാമം ഒന്നടങ്കം തേങ്ങി. അപകടത്തിൽപ്പെട്ട ചെന്നിത്തല സൗത്ത് പതിനേഴാം വാർഡ് ആഴാത്ത്പടി പരിയാരത്ത് സതീശൻ- കല ദമ്പതികളുടെ ഏക മകൻ ആദിത്യൻ (18), ചെറുകോൽ മനാശ്ശേരിൽ വിജയകുറുപ്പിന്റെ മകൻ വിനീഷ് (35), ചെന്നിത്തല കിഴക്കേവഴിമുറി വൃന്ദാവനം വീട്ടിൽ പരേതനായ രാജന്റെയും രാധയുടെയും മകൻ രാകേഷ് (45) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കകരിച്ചു. അവരവരുടെ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്.

വിദ്യാർത്ഥിയായ ആദിത്യന്റെ സംസ്കാരം ഇന്നലെ രാവിലെയാണ് നടന്നത്. പതിനാലു വർഷം ആറ്റുനോറ്റ് കാത്തിരുന്ന് കിട്ടിയ ഏകമകന്റെ വേർപാടിൽ തളർന്ന സതീശനെയും കലയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും തേങ്ങി. മറിഞ്ഞ പള്ളിയോടത്തിൽ സതീശനും ഉണ്ടായിരുന്നു. വിനീഷിന്റെ സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞാണ് നടന്നത്. അടുത്ത നാളിൽ വിദേശത്തേക്ക് പോകാനിരിക്കവേയാണ് വിധി തട്ടിയെടുത്തത്. ആൾക്കൂട്ടത്തെ കണ്ടും നിലവിളികൾ കേട്ടും ഒന്നുമറിയാതെ ഇതിനു നടുവിൽ നിന്ന് കരഞ്ഞ രണ്ട് വയസും ഏഴ് മാസവും പ്രായമായ, വിനീഷിന്റെ കുട്ടികൾ നൊമ്പരമായി. രാകേഷിന്റെ സംസ്കാരം വൈകിട്ട് അഞ്ചോടെയാണ് നടന്നത്. മകനുമായി പള്ളിയോടക്കടവിലെത്തിയ രാകേഷ് മകൻ ശ്രീവർദ്ധനെ കൂട്ടാതെയാണ് പള്ളിയോടത്തിൽ കയറിയത്. തിരികെ വരാത്ത ലോകത്തേക്ക് യാത്രയായ അച്ഛന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടുന്ന ശ്രീവർദ്ധനും ശ്രുതിയും മറ്റുള്ളവരെയും കരയിപ്പിക്കുകയായിരുന്നു.