ഹരിപ്പാട് : കെ.എസ്.ആർ.ടി.സി ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവർ മരിച്ചു. കരീലക്കുളങ്ങര വാലികുളങ്ങര മഠത്തിലേത്ത് താഹ (58) ആണ് മരിച്ചത്. യാത്രക്കാരനായ രാമൻകുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 6.30നായി​രുന്നു അപകടം. മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കായംകുളത്തേക്ക് വരികയായിരുന്ന ഓട്ടോ-ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത് . .ഇടിയുടെ ആഘാതത്തിൽ പെട്ടെന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ മറ്റൊരു കാർ വന്നിടിച്ചെങ്കി​ലും യാത്രക്കാർക്ക് പരിക്കില്ല. താഹയെ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. താഹയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കബറടക്കം നടത്തി. ഭാര്യ : നിസ. മക്കൾ: താഹിന, ഫർഹാൻ.