
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ സ്റ്റാൻഡിൽ ജ്യൂസും കുപ്പിവെള്ളവും വിൽക്കുന്നതിനിടെ ബസ് കണ്ട് പിന്നിലേക്ക് മാറിയപ്പോൾ മറിഞ്ഞുവീണയാൾ കാലിലൂടെ വണ്ടികയറി ഗുരുതര പരിക്കേറ്റ് മരിച്ചു. ആലപ്പുഴ ലജ്നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ അസ്ലം (54) ആണ് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാത്രി 8.30ന് മരിച്ചത്. രാവിലെ 11.30ന് ആയിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്നു കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് യാത്രക്കാരെ കയറ്റാനായി സ്റ്റാൻഡ് ചുറ്റിയെത്തി നിറുത്തുന്നതിനിടെയായിരുന്നു അപകടം. നടന്നുപോകുകയായിരുന്ന അസ്ലം പിന്നിലേക്കു മാറുന്നതിനിടെ വീണു. ഡ്രൈവർ ഇതുകാണാതെ വണ്ടി മുന്നോട്ടു നീക്കിയപ്പോൾ മുൻചക്രം കാലിലൂടെ കയറുകയായിരുന്നു. കണ്ടുനിന്നവരുടെ ബഹളം കേട്ടാണ് വണ്ടി നിറുത്തിയത്. അസ്ളമിന്റെ ഇടതുകാൽ ചതഞ്ഞു. യാത്രക്കാരുടെ നേതൃത്വത്തിൽ ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് കോട്ടയം മെഡി. ആശുപത്രിയിൽ എത്തിച്ചത്. കൈയിൽ കൊണ്ടുനടന്നു ജ്യൂസ് വില്പന നടത്തുന്നയാളാണ് അസ്ലം. റിസർവേഷൻ ബസ് ആയതിനാൽ യാത്രതുടരാൻ പൊലീസ് അനുവദിച്ചു. ഇന്നു ഡ്രൈവറും കണ്ടക്ടറും ബസുമായി സ്റ്റേഷനിലെത്താൻ സൗത്ത് പൊലീസ് നിർദ്ദേശിച്ചു.
മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്തം വാർന്നാണ് മരിച്ചതെന്നും ആലപ്പുഴ മെഡി. ആശുപത്രിയിൽ മൂന്ന് മണിക്കൂറോളം കാര്യമായ ചികിത്സ ലഭിച്ചില്ലെന്നും പിന്നീട് കോട്ടയത്തേക്ക് അയയ്ക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ഭാര്യ: ജാരിയത്ത്.
മക്കൾ: മനുസ്, മൺസൂൺ, അനൂജ്