s

പ്രഖ്യാപിച്ച് രണ്ട് വർഷമായിട്ടും ഉത്തരവ് ഇറങ്ങിയില്ല

ആലപ്പുഴ : ഇനിയൊരു പ്രളയം വന്നാലും കുട്ടനാട് മുങ്ങരുതെന്ന ആശയത്തോടെ 2020 സെപ്തംബർ 17ന് പ്രഖ്യാപിച്ച 2447.66 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി. പാക്കേജ് നടപ്പാക്കുന്നതിനുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല.

എന്നാൽ, പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തലടക്കം നിലവിൽ നടക്കുന്ന പ്രവൃത്തികൾ രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാണെന്നാണ് ജലവിഭവ വകുപ്പിന്റെ വിശദീകരണം. ജലവിഭവം,കൃഷി, ഫിഷറീസ്, ടൂറിസം ഉൾപ്പെടെ വിവിധ വകുപ്പുകളുമായി ചർച്ച നടത്തി സംസ്ഥാന ആസൂത്രണ ബോർഡാണ് രണ്ടാം കുട്ടനാട് പാക്കേജ് നടത്തിപ്പിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്.

കുട്ടനാടിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു കൃഷിശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ്. പ്രാദേശിക ജനപ്രതിനിധികളും, കർഷക പ്രതിനിധികളും കാഴ്ച്ചക്കാരായി മാത്രം മാറിയ ആദ്യ പാക്കേജിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിനുതകുന്ന പ്രവൃത്തികളൊന്നും നടപ്പായില്ല. 2014ൽ ആദ്യ പാക്കേജിന്റെ കാലാവധി അവസാനിച്ചതോടെയാണ്, പ്രളയാനുഭവങ്ങൾ കൂടി കണക്കിലെടുത്ത് 2020ൽ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.

പതിവ് തെറ്റാതെ മടവീഴ്ചയും കൃഷി നാശവും

വേനൽമഴയിൽപ്പോലും ഇത്തവണ കുട്ടനാട് - അപ്പർ കുട്ടനാട് മേഖലകളിൽ ആയിരക്കണക്കിന് ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലക്രമം തെറ്റിയ മഴയിൽ വിളവെടുപ്പിന് പാകമായ നെൽക്കതിരുകൾ മണ്ണടിഞ്ഞു. ഇടവപ്പാതി ശക്തമായതോടെ മടവീഴ്ചയും ജനവാസകേന്ദ്രങ്ങളിലെ നാശനഷ്ടങ്ങളും പതിവ് പോലെ ആവർത്തിച്ചു.

പദ്ധതിരേഖയിൽ വക കൊള്ളിച്ച തുക (രൂപ കോടിയിൽ)

വെള്ളപ്പൊക്കം തടയാനും പുറംബണ്ട് നിർമ്മാണത്തിനും : 74

കായൽ ശുചീകരണത്തിന് : 10

കൃഷിക്ക് : 20

ഉൾനാടൻ മത്സ്യകൃഷിക്ക് : 11

താറാവ് കൃഷിക്ക് : 7

തോട്ടപ്പള്ളി സ്പിൽവേ വികസനത്തിന് : 280

എ.സി റോഡ് നവീകരണത്തിന് : 450

കുടിവെള്ള പദ്ധതിക്ക് : 291

ആകെ തുക : 2447.66 കോടി

പ്ലാൻ ഫണ്ട് പ്രകാരം അനുവദിക്കുന്ന തുകയ്ക്ക് പ്രവൃത്തികൾ നടത്തുന്നുണ്ട്. പ്ലാനിംഗ് ബോർഡ് തയ്യാറാക്കി പുറത്തിറക്കിയ പുസ്തകത്തിൽ വിശദീകരിക്കുന്ന പദ്ധതിരേഖയ്ക്കപ്പുറം പാക്കേജിനെ സംബന്ധിച്ച് മറ്റ് വിശദാംശങ്ങൾ അറിയില്ല

-കുട്ടനാട് പാക്കേജ് ഓഫീസ് അധികൃതർ, ആലപ്പുഴ

പാക്കേജ് നടത്തിപ്പിനുള്ള ഉത്തരവ് ഇറക്കാൻ പോലും ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. പദ്ധതികൾ തയാറാക്കുന്നതിനപ്പുറം നടപ്പാക്കാനുള്ള ശ്രമമുണ്ടാകുന്നില്ല

-വർഗീസ് കണ്ണമ്പള്ളി, വൈത്തിശേരി അഞ്ഞൂറാം പാടശേഖരം പ്രസിഡന്റ്