jh
സിവിൽ സ്റ്റേഷൻ വാർഡിൽ മുഖാം മസ്ജിദിന് സമീപം വർഷങ്ങളായി മാ ലിന്യം നിറഞ്ഞ് കിടക്കുന്ന ഓട. ഇവിടേയ്ക്കുൾപ്പടെ കടൽവെള്ളം കയറ്റാനുള്ള പദ്ധതിയാണ് പരാജയപ്പെട്ടത്

ആലപ്പുഴ: കനാൽ നവീകരണത്തിന്റെ ഭാഗമായി കടൽവെള്ളം കയറ്റാൻ പദ്ധതി ആവിഷ്കരിക്കുക, കുഴിയെടുക്കാനെന്ന പേരിൽ ടൺ കണക്കിന് പഞ്ചാരമണൽ ലോറികളിൽ കടത്തുക, ഒടുവിൽ വെള്ളം കയറാൻ ഒരു കുഴലു പോലും സ്ഥാപിക്കാതെ പദ്ധതി മൂടിക്കെട്ടുക... ആലപ്പുഴ റബ്ബർ ഫാക്ടറി കവല മുതൽ ജില്ലാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് വരെയുള്ള ഒരു കിലോമീറ്ററിലാണ് ഈ അഭ്യാസം അരങ്ങേറിയത്.

ഉപ്പുവെള്ളം കയറ്റിയുള്ള മാലിന്യ നിർമ്മാർജ്ജനത്തിനായി ഒന്നര പതിറ്റാണ്ട് മുമ്പാണ് പദ്ധതി ആവിഷ്കരിച്ച് കുഴിച്ചത്. ഒരു കൈത്തോടിന് സമാനമായി മൂന്നാൾ താഴ്ചയിൽ കുഴിച്ച ശേഷം സ്ലാബിട്ട് മൂടി പിന്നീട് ടാർ ചെയ്യുകയായിരുന്നെന്ന് പ്രദേശവാസികൾ ഓർമ്മിക്കുന്നു. വർഷങ്ങൾ കടന്നുപോയെങ്കിലും, ഇന്നേവരെ ഈ കൈവഴിയിലൂടെ ഒരു തുള്ളി കടൽവെള്ളം കയറി വന്നിട്ടില്ല. വെള്ളം കടന്നുവരാനുള്ള യാതൊരു സംവിധാനങ്ങളും ഒരുക്കാതെയാണ് അധികൃതർ പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കടൽ വെള്ളം കയറുന്നതോടെ മാലിന്യങ്ങൾ അകലുമെന്ന് കരുതിയിരുന്ന കൈത്തോടുകളിലും ഓടകളിലും ഇറച്ചി മാലിന്യമടക്കം കെട്ടിക്കിടക്കുകയാണ്.

മുമ്പ് ഒഴുക്കുണ്ടായിരുന്ന കൈത്തോട്ടിൽ, പ്രദേശം നികത്തപ്പെട്ടതോടെ ഒഴുക്കും നിലച്ചു. കെ.സി. വേണുഗോപാൽ ടൂറിസം മന്ത്രിയായിരിക്കെയാണ് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് കനാൽ നവീകരണം എന്ന ആശയത്തിന് തുടക്കമായത്. മാറി മാറി വന്ന സർക്കാരുകൾ ഇതേ പദ്ധതിയുടെ പേരിൽ കോടികൾ ചെലവഴിക്കുകയാണ്. കടൽവെള്ളം കയറ്റുന്നതിനുള്ള പദ്ധതി പോലും കൃത്യമായ സംവിധാനങ്ങളില്ലാതെ നടപ്പാക്കാൻ ശ്രമിച്ചതിൽ അന്വേഷണം പോലും ഇന്നേവരെ നടന്നിട്ടില്ല.

കടൽവെള്ളം കയറുമെന്ന് പറഞ്ഞ് അധികൃതർ പോയതല്ലാതെ വെള്ളം കയറുകയോ മാലിന്യങ്ങൾ ഒഴിവാകുകയോ ചെയ്തിട്ടില്ല. പ്രദേശത്ത് നിന്ന് പഞ്ചാരമണൽ ലോറികളിൽ കടത്തിക്കൊണ്ടുപോയി. ചില ഭാഗങ്ങൾ നികത്തപ്പെട്ടതോടെ ഒഴുക്ക് നിലച്ച് മാലിന്യം കെട്ടിക്കിടക്കുകയാണ്

പ്രദേശവാസികൾ